മയാമി (ഫ്‌ളോറിഡ): ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 39 വയസുള്ള ഭാര്യ കേരിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 27 വയസുള്ള ഭര്‍ത്താവ് അറൂഡാസൂസയെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 18-ന് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കാന്‍ മയാമി- ഡേഡ് കൗണ്ടി ജഡ്ജി ഉത്തരവിട്ടു. കോടതിയില്‍ എത്തിയ പ്രതി കരഞ്ഞുകൊണ്ടാണ് ജഡ്ജിയുടെ വിധി ശ്രവിച്ചത്.

കേസിനാസ്പദമായ സംഭവം നവംബര്‍ 17 ചൊവ്വാഴ്ച രാവിലെ ദമ്പതികള്‍ താമസിച്ചിരുന്ന ഡൗണ്‍ ടൗണിലെ (മയാമി) ഹൈ റൈസ് അപ്പാര്‍ട്ട്‌മെന്റിലാണ് നടന്നത്. ഭര്‍ത്താവും ഭാര്യയും തമ്മില്‍ തുടങ്ങിയ വാക്കേറ്റം കൈയ്യാങ്കളിയിലും തുടര്‍ന്ന് കൊലപാതകത്തിലുമാണ് കലാശിച്ചത്. തര്‍ക്കം തുടങ്ങിയപ്പോള്‍ നിങ്ങളേക്കാള്‍ നല്ലൊരാളെ എനിക്ക് കിട്ടും എന്നു ഭാര്യ പറഞ്ഞതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്.

നിരവധി തവണ കുത്തി പരിക്കേല്‍പ്പിച്ചശേഷം പ്രതി പോലീസില്‍ വിളിച്ച് വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് രക്തത്തില്‍ കുളിച്ച് കിടന്നിരുന്ന കേരിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുവേണ്ടി ശക്തിയുക്തം വാദിച്ചിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട കേരി. ആന്റി ട്രാന്‍സ്‌ജെന്‍ഡര്‍ വയലന്‍സില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മദിനം ആചരിക്കുന്നതിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ (നവംബര്‍ 20) നടന്ന കൊലപാതകം തങ്ങളെ നടുക്കിക്കളഞ്ഞതായി സംഘടനാ നേതാക്കള്‍ പറഞ്ഞു. 2020-ല്‍ അമേരിക്കയില്‍ കൊല്ലപ്പെടുന്ന 37-മത്തെ ട്രാന്‍സ്‌ജെന്‍ഡറാണ് കേരി.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *