വാഷിംഗ്ടണ്‍ ഡി.സി: ഫെഡറല്‍ റിസര്‍വ് ബോര്‍ഡിലേക്ക് ട്രംപ് നോമിനേറ്റ് ചെയ്ത ജൂഡി ഷെല്‍ട്ടന് യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചില്ല. നവംബര്‍ 17-ന് ചൊവ്വാഴ്ചയായിരുന്നു വോട്ടെടുപ്പ്. സെനറ്റിലെ വോട്ടെടുപ്പില്‍ ജൂഡിക്ക് അനുകൂലമായി 47 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ത്ത് 50 പേരാണ് വോട്ട് ചെയ്തത്.

റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ മിറ്റ് റോംമ്‌നി (അയോവ), സൂസന്‍ കോളിന്‍സ് (മയിന്‍) എന്നിവര്‍ ഡമോക്രാറ്റിക് സെനറ്റര്‍മാരോടൊപ്പം വോട്ട് ചെയ്തതാണ് യുഎസ് സെനറ്റില്‍ നോമിനേഷന്‍ പരാജയപ്പെടാന്‍ കാരണം. നിലവില്‍ റിപ്പബ്ലിക്കന്‍സിന് 53-ഉം, ഡമോക്രാറ്റിന് 47-ഉം സെനറ്റര്‍മാരുമാണുള്ളത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജൂഡിയെ പിന്തുണയ്ക്കുന്ന റിക് സ്‌കോട്ട് (ഫ്‌ളോറിഡ), ചാള്‍സ് ഗ്രാഡ്‌ലി (അയോവ) എന്നിവര്‍ ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ ഇരുവര്‍ക്കും സെനറ്റില്‍ എത്തി വോട്ട് രേഖപ്പെടുത്താനായില്ല.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ കമലാ ഹാരിസ് സെനറ്റിലെത്തി ആദ്യമായി വോട്ട് രേഖപ്പെടുത്തി.

അമേരിക്കയിലെ ശക്തമായ സെന്‍ട്രല്‍ ബാങ്കിന്റെ മിഷനെ ജൂഡി ഷെല്‍ട്ടന്‍ ചോദ്യം ചെയ്തത് വിവാദമായിരുന്നു. ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡിന് അനുകൂലമായിരുന്നതും ഇവര്‍ക്ക് വിനയായി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നശേഷം ട്രംപിനേറ്റ കനത്ത പ്രഹരമാണിത്. സെനറ്റര്‍മാരുടെ ക്വാറന്റൈന്‍ പൂര്‍ത്തിയായതിനുശേഷം ഒരിക്കല്‍കൂടി സെനറ്റില്‍ നോമിനേഷന്‍ അംഗീകരിക്കുന്നതിനുള്ള വോട്ടെടുപ്പ് നടന്നാല്‍ പോലും വിജയിക്കാനാവുമോ എന്ന് സംശയമാണ്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *