ന്യൂജേഴ്‌സി : അഞ്ചാമതു ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്റിൽ ന്യൂജേഴ്‌സിയിലെ പ്രശസ്ത ക്രിക്കറ്റ് ക്ലബ് ബെർഗെൻ ടൈഗേഴ്‌സ് ജേതാക്കളായി. ആവേശോജ്വലമായ ഫൈനലിൽ ഫിലഡഡൽഫിയ എഫ്‌സിസി യെ മൂന്നു വിക്കറ്റിന് തോൽപിച്ചാണ് ബെർഗെൻ ടൈഗേഴ്‌സ് കിരീടത്തിൽ മുത്തമിട്ടത്.
സെപ്റ്റംബർ അഞ്ചുമുതൽ ഏഴു വരെ ന്യൂജേഴ്‌സിയിലെ ബ്ലൂംഫീൽഡിൽ സംഘടിപ്പിച്ച ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്റിൽ ന്യൂയോർക്ക്, ന്യൂജേഴ്‌സി , ഫിലാഡൽഫിയ സ്റ്റേറ്റുകളിൽ നിന്നുള്ള പ്രമുഖ ടീമുകൾ ഉൾപ്പെടെ 8 മലയാളി ടീമുകൾ വാശിയേറിയ മത്സരങ്ങളിൽ മാറ്റുരച്ചു . സെപ്റ്റംബർ അഞ്ച് ശനിയാഴ്ച നടന്ന ആവേശം മുറ്റി നിന്ന ലീഗ് മത്സരങ്ങൾക്കൊടുവിൽ നാല് ടീമുകൾ സെമിഫൈനലിലേക്കു ജയിച്ചു കയറി .
സെപ്റ്റംബർ ഏഴു തിങ്കളാഴ്ച നടന്ന ആദ്യ സെമിഫൈനലിൽ 188 റൺസ് എടുത്ത ഫിലാഡൽഫിയ എഫ്‌സിസി ടീം , ന്യൂയോർക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിനെ 66 റൺസിന് തോൽപ്പിച്ചു ഫൈനലിൽ സ്ഥാനമുറപ്പിച്ചു . എഫ്‌സിസിക്കുവേണ്ടി ക്യാപ്റ്റൻ ജിജോ കുഞ്ഞുമോൻ 41 പന്തിൽ 3 ബൗണ്ടറിയും 6 സിക്സും ഉൾപ്പെടെ ഇജ്വല ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു 88 റൺസുമായി ടോപ് സ്‌കോറർ ആയി .
ഉദ്വേഗജനകമായ രണ്ടാം സെമിഫൈനലിൽ ആതിഥേയ ടീമായ ബെർഗെൻ ടൈഗേഴ്‌സ് 5 വിക്കറ്റിന് യുണൈറ്റഡ് -XI നെ തോൽപ്പിച്ചു . അഞ്ചാം വിക്കറ്റിൽ തോമസ് പോൾ, ജിൻസ് തര്യനൊപ്പം ക്രീസിൽ ചേരുമ്പോൾ 11 ബോളിൽ 24 റൺസ് ആയിരുന്നു വിജയ ലക്ഷ്യം. എന്നാൽ താൻ നേരിട്ട ആദ്യ പന്തുതന്നെ സിക്സർ പായിച്ചു തോമസ് പോൾ ഇന്നിങ്സിന് പുത്തൻ ഉണർന്നു സമ്മാനിച്ചു. അതിൽനിന്നും ഉൾകൊണ്ട ആത്മവിശ്വാസത്തിൽ അവസാന ഓവർ ബാറ്റുചെയ്ത ജിൻസ് തര്യൻ 13 റൺസ് എന്ന വിജയ കടമ്പ ആദ്യ രണ്ടു പന്തുകൾ തന്നെ സിക്സർ അടിച്ചു അനായാസം ടീമിനെ ഫൈനലിലേക്കു നയിച്ചു. 51 റൺസ് എടുത്തു വെടിക്കെട്ടു ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ജിൻസ് തര്യൻ ആയിരുന്നു മാൻ ഓഫ് ദി മാച്ചും
തുടർന്ന് നടന്ന ആവേശകരമായ ഫൈനലിൽ ട്രൈസ്റ്റേറ്റിലെ പ്രമുഖ ടീമുകളായ ബെർഗെൻ ടൈഗേഴ്സും ഫിലഡഡൽഫിയ FCC യും ഏറ്റുമുട്ടി . ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ FCC , നവീൻ ഡേവിസിന്റെ ഉജ്ജ്വല ബാറ്റിങ്ങിന്റെ (75 റൺസ് ) പിൻബലത്തിൽ 178 റൺസ് എന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തി . ലീഗ് റൗണ്ടിൽ തകർപ്പൻ സെഞ്ച്വറി നേടിയ നവീൻ ടൂർണമെന്റ്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത് . ഒരു ഘട്ടത്തിൽ 200 റൺസിന് മുകളിൽ പോകും എന്ന് തോന്നിച്ച സ്കോർ ബെർഗെൻ ടൈഗേഴ്സ് ക്യാപ്റ്റൻ അശോക് ഉജ്വല ബോളിങ് പ്രകടനത്തിലൂടെ കരസ്ഥമാക്കിയ 4 വിക്കറ്റിന്റെ മികവിലാണ് 178 ‘ലേക്ക് പിടിച്ചു കെട്ടിയതു.
വിജയത്തിനായി 179 റൺസ് എന്ന വലിയ സ്കോർ പിന്തുടർന്ന ബെർഗെൻ ടൈഗേഴ്‌സിനു വേണ്ടി ഓപ്പണർമാരായ റിനുവും അശോകും മനോഹരമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതു മികച്ച തുടക്കം നൽകിയെങ്കിലും 4ാം ഓവറിൽ FCC അശോകിന്റെ വിക്കറ്റ് നേടി മത്സരത്തിലേക്ക് തിരിച്ചെത്തി. പക്ഷെ റിനുവിനൊപ്പം ബെർഗെൻ ടൈഗേർസിന്റെ സ്വന്തം ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്ന സെബിൻ ജേക്കബും ഒത്തു ചേർന്നപ്പോൾ വീണ്ടും റൺസ് ഒഴുകാൻ തുടങ്ങി . ആദ്യ റൗണ്ടിലെ ഫോം തുടർന്ന റിനു 41 ബോളിൽ -77 റൺസ് (11 ബൗണ്ടറി ആൻഡ് -2sixer ) എടുത്തു മടങ്ങിയപ്പോൾ , സബിനുമായി ചേർന്ന് 99 റൺസ് ടീമിനായി വാരികൂട്ടിയിരുന്നു . ആവേശം ഒട്ടും നഷ്ടപ്പെടാതെ വീരോചിതമായ പൊരുതിയ ടീം FCC തുടരെ തുടരെ ബെർഗെൻ ടൈഗേർസിന്റെ 5 വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിലേക്ക് വലിയ തിരിച്ചു വരവ് നടത്തിയെങ്കിലും തോമസും , ജിൻസും ചേർന്ന് കൂടുതൽ അപകടം ഒന്നും സംഭവിക്കാതെ ബെർഗെൻ ടൈഗേഴ്‌സിന് മറ്റൊരു കിരീട നേട്ടം 19ാം ഓവറിൽ സമ്മാനിച്ചു. 5 വർഷങ്ങൾക്കു മുൻപേ ഇതേ ദിവസം ഇരുവരും ചേർന്നു സമ്മാനിച്ച മറ്റൊരു ഐതിഹാസിക വിജയം അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ കിരീട വിജയവും.
ടൂർണമെന്റ് സ്പോൺസർമാരായ സായി ഡാറ്റാനി ( യൂണിവേഴ്സൽ റീലൊക്കേഷൻസ് ) , ജോമി തോമസ് (ഗ്രാൻഡ് റസ്റ്റോറന്റ്), നിഖിൽ മാണി (പബ്ലിക് ട്രസ്റ്റ് റിയാലിറ്റി ഗ്രൂപ്പ്) , ടോണി പയ്യനാട്ടു (അനിതാസ് കിച്ചൻ ), ബിനു ബേബി (സ്പെക്ട്രം ഓട്ടോ) എന്നിവരോടൊപ്പം സമൂഹത്തിലെ പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നായകരും , മലയാളി സംഘടനകളിലെ നേതാക്കളും സന്നിഹിതരായിരുന്നു.
തുടർന്നു നടന്ന സമ്മാനദാന ചടങ്ങിൽ ടൂർണമെന്റിൽ ശ്രദ്ധതയാർന്ന പ്രകടനം നടത്തിയ പ്ലയേഴ്‌സിനു അവാർഡുകൾ നൽകുകയും വിജയികളായ ടീമിന് ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു. മൂന്നു മത്സരത്തിൽനിന്നും 5 വിക്കറ്റും, ഒരു സെഞ്ചുറിയും , ഒരു അർധ സെഞ്ചുറിയും ഉൾപെടെ 227 റൺസ് എടുത്ത് ട്രൈസ്റ്റേറ്റിലെ ബെസ്‌റ് പ്ലയെർ എന്ന പേര് അന്വർഥമാക്കിയ ടീം FCC യുടെ നവീൻ ഡേവിസ് ടൂർണമെന്റിലെ ബെസ്ററ് പ്ലെയറും , ബെസ്ററ് ബാറ്റ്സ്മാനുമായി തിരഞ്ഞെടുക്കപ്പെട്ടു . 7 വിക്കറ്റ് വീഴ്ത്തിയ യുണൈറ്റഡ് -Xl ന്റെ സൗബിൻ മാത്യു ബെസ്ററ് ബോളർും, ഫൈനലിലെ ഉജ്ജ്വല ബാറ്റിംഗിലൂടെ റിനു ബാബു മാൻ ഓഫ് ദി മാച്ചും ആയി തിരഞ്ഞെടുക്കപ്പെട്ടു .
വരും വർഷങ്ങളിൽ ട്രൈ സ്റ്റേറ്റിലെ കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു ടൂർണമെന്റ് മത്സരങ്ങൾ വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.