പോര്‍ട്ടര്‍ (ടെക്‌സസ്): മൂന്നു വയസുകാരന്റെ ജന്മദിനം ആഘോഷിക്കാനാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീട്ടില്‍ ഒത്തുചേര്‍ന്നത്. ജന്മദിനാഘോഷങ്ങള്‍ പൊടിപൊടിക്കുന്നതിനിടെ അവിടെയെത്തിയ കുടുംബാംഗങ്ങളില്‍ ഒരാളുടെ പോക്കറ്റില്‍ നിന്നും വീണ തോക്കെടുത്ത് അബദ്ധത്തില്‍ സ്വയം നെഞ്ചില്‍ വച്ച് കാഞ്ചിവലിച്ച മൂന്നു വയസുകാരന് ദാരുണാന്ത്യം.

വെടിയേറ്റ മൂന്നു വയസുകാരനെ ഉടന്‍ തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും മരണം സംഭവിച്ചു. വീടിന്റെ മുന്‍വശത്തിരുന്ന് ചീട്ട് കളിക്കുകയായിരുന്ന കുടുംബാംഗങ്ങളാണ് വെടിപൊട്ടുന്ന ശബ്ദം കേട്ടത്. ഒക്‌ടോബര്‍ 24 ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവമെന്ന് മോണ്ട് ഗോമറി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. നോര്‍ത്ത് ഈസ്റ്റ് ഹൂസ്റ്റണില്‍ നിന്നും 25 മൈല്‍ ദൂരെയുള്ള പോര്‍ട്ടറിലുള്ള വീട്ടിലാണ് സംഭവം നടന്നത്.

മുതിര്‍ന്നവര്‍ തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതാണ് ഇത്തരം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. തോക്കുകള്‍ കൈവശം വയ്ക്കുന്നവര്‍ വീട്ടിലാണെങ്കില്‍ കുട്ടികള്‍ക്ക് ലഭിക്കാത്ത സ്ഥലങ്ങളില്‍ ഭദ്രമായി സൂക്ഷിക്കണമെന്നും, പുറത്തു കൊണ്ടുപോകുമ്പോള്‍ ലോക്ക് ചെയ്തു വയ്ക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഈവര്‍ഷം 229 ഇത്തരം വെടിവയ്പുകള്‍ സംഭവിച്ചതില്‍ 87 കുട്ടികള്‍ മരിക്കുകയും, 137 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *