ചിക്കാഗോ . ഭക്തജനങ്ങള്‍ക്ക് സായൂജ്യമേകി സ്കന്ദ മന്ത്രത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മഹാസ്കന്ദ ഷഷ്ഠി പൂജ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ആഘോഷിച്ചു.

സുബ്രഹ്മണ്യ പ്രീതിക്കായ് ഹൈന്ദവര്‍ ആഘോഷിക്കുന്ന ഒരു പ്രധാന വ്രതമാണ് ഷഷ്ഠി വ്രതം. സന്താനലാഭം, സന്തതികളുടെ ശ്രേയസ്സ്, രോഗനാശം, ദാമ്പത്യ സൗഖ്യം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതുവായ ഫലങ്ങള്‍. തുലാമാസത്തിലെ ഷഷ്ഠി ദിനത്തിലാണ് ഇതാഘോഷിക്കുന്നത്. പലയിടത്തും തുലാത്തിലെ കറുത്തവാവ് കഴിഞ്ഞ് പ്രഥമയില്‍ തുടങ്ങി ആറുദിവസവും നീണ്ടുനില്‍ക്കുന്ന ഒരു വ്രതമാണ് ഷ്ഷ്ഠീ വ്രതം.സുബ്രഹ്മണ്യന്‍ ശൂരപദ്മാസുരനെ വധിച്ചത് ഈ ദിവസമായെന്നാണ് വിശ്വാസം. അതുകൊണ്ടാണ് തുലാമാസത്തിലെ ഷഷ്ഠിക്ക് പ്രാധാന്യം കൈവന്നതും സ്കന്ദ ഷഷ്ഠിയായി ആചരിക്കുന്നതും.

സ്കന്ദ ഷഷ്ഠി ദിനത്തില്‍, മഹാഗണപതി മഹാ പൂജകളോടെ ആരംഭിച്ച പൂജകള്‍ക്ക് ശേഷം മഹന്യാസപൂര്‍വം പൂര്‍ണാഭിഷേകം, പഞ്ചാമൃത അഭിഷേകം, പാല്‍ അഭിഷേകം, ഭസ്മാഭിഷേകം, നെയ്യഭിഷേകം, തേന്‍ അഭിഷേകം, കളഭാഭിഷേകം എന്നിവ നടന്നു. പൂജാദി കര്‍മങ്ങള്‍ക്ക് പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണന്‍ സ്വാമി മുഖ്യ കാര്‍മികത്വവും രവി ദിവാകരന്‍, ശ്രീ ശിവപ്രസാദ് പിള്ള എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വവും നല്‍കി. തുടര്‍ന്ന് രശ്മി മേനോന്റെ നേതൃത്വത്തില്‍ നടന്ന ഭക്തി ഗാനമേളയക്ക് ശേഷം സമ്പൂര്‍ണ സ്കന്ദ അലങ്കാരങ്ങളും ദീപാലങ്കാരവും ഭക്ത ജനങ്ങള്‍ക്ക് നവ്യാനുഭൂതി നല്‍കി.

ശരീരം, ചിന്ത, മനസ്സ്, വാക്ക് ഇവയുടെ ശുദ്ധിയില്‍ അധിഷ്ഠിതവും ഹൈന്ദവസംസ്കാരത്തിന്റെ അടിത്തറയുമാണ് വ്രതാനുഷ്ഠാനങ്ങള്‍ അതിന്റെ ഭാഗമായ സ്‌നാനം ആഹാരശുദ്ധി എന്നിവയിലൂടെ ശരീരശുദ്ധിയും, ജപം, ഈശ്വരസ്മരണ, ക്ഷേത്രദര്‍ശനം എന്നിവയിലൂടെ മനശ്ശുദ്ധിയും കൈവരുന്നു. അങ്ങിനെ വ്രതാനുഷ്ഠാനങ്ങളിലൂടെ പൂര്‍വ്വജന്‍മത്തിലും ഈ ജന്‍മത്തിലും ചെയ്ത ദുഷ്കര്‍മ്മങ്ങളുടെ പാപക്കറ കഴുകിക്കളയുന്നു. അതോടെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. ഈ ലക്ഷ്യങ്ങള്‍ ഹൈന്ദവ സമൂഹത്തിന് ലഭ്യമാക്കുവാനാണ് ചിക്കാഗോ ഗീതാമണ്ഡലം, എല്ലാ ഹൈന്ദവ ആചാരനുഷ്ടാനങ്ങളും അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സംഘടിപ്പിക്കുന്നത് എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഏതൊരു സംസ്കാരവും നിലനില്ക്കുന്നത് ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും ആണ്. ഭാരതീയരുടെ ഏറ്റവും വലിയ സ്വകാര്യാ അഹങ്കാരമാണ് ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും പടുത്തുയര്‍ത്തിയ ഭാരതീയ സംസ്കാരം, ഈ സംസ്കാരം നമ്മുടെ അടുത്ത തലമുറയിലേക്ക് എത്തിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാല്‍ തന്നെ ഈ സംസ്കാരം വാക്കുകളിലൂടെയല്ല, മറിച്ച് പ്രവര്‍ത്തനങ്ങളില്‍ കൂടെ വേണം അടുത്ത തലമുറയില്‍ എത്തിക്കേണ്ടത് എന്ന് ആനന്ദ് പ്രഭാകറും അഭിപ്രായപ്പെട്ടു.

ഈ വര്‍ഷത്തെ സ്കന്ദ ഷഷ്ഠിക്ക് നേതൃത്വം നല്‍കിയവര്‍ക്കും, ഉത്സവത്തില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, ഗീതാ മണ്ഡലം സെക്രട്ടറി ബൈജു മേനോന്‍ നന്ദി രേഖപ്പെടുത്തി. മഹാപ്രസാദ വിതരണത്തോടെ രണ്ടായിരത്തി പത്തൊന്‍പത്തിലെ സ്കന്ദഷഷ്ഠി ഉത്സവങ്ങള്‍ക്ക് പരിസമാപ്തിയായി.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *