ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ 2020 ജൂലൈ 2 വ്യാഴം മുതൽ 5 ഞായർ വരെ അറ്റ്ലാന്റായിൽ ഉള്ള കർമ്മേൽ മാർത്തോമ്മ സെന്ററിൽ വെച്ച് ഭദ്രാസനത്തിലെ ഏറ്റവും വലിയ കുടുംബസംഗമം ആയ 33 – മത് ഫാമിലി കോൺഫ്രറൻസ് ഗ്ലോബൽ മാർത്തോമ്മ സംഗമം ആയി നടത്തപ്പെടുന്നു.
മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത, ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് എന്നിവരെ കൂടാതെ റവ.ഡോ.പ്രകാശ് കെ.ജോർജ് (പ്രിൻസിപ്പാൾ, മാർത്തോമ്മ തിയോളജിക്കൽ സെമിനാരി കോട്ടയം), റവ.ഈപ്പൻ വർഗീസ് (പ്രിൻസിപ്പാൾ, സെന്റ്.ജോൺസ് സ്കൂൾ ഗോരഗോൺ, ഡൽഹി) എന്നിവർ സമ്മേളനത്തിന് മുഖ്യ നേതൃത്വം നൽകും.
നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ അതു നിങ്ങൾക്ക് കിട്ടും എന്ന ബൈബിൾ വാക്യത്തെ ആധാരമാക്കി Living Christ, Leaping in Faith എന്നതാണ് കോൺഫ്രറൻസിന്റെ മുഖ്യ ചിന്താവിഷയം.
അറ്റ്ലാന്റായിൽ ഉള്ള ഹിൽട്ടൺ, ഹോളിഡേ ഇൻ, കംഫോർട്ട് സ്യുട്ട്സ് എന്നീ ഹോട്ടലുകളിൽ ആണ് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ ഫീസ് 100 ഡോളറും, കോൺഫ്രറൻസ് ഫീസ് 100 ഡോളറും ആണ്. മാർച്ച് 31ന് രജിസ്ട്രേഷൻ കാലാവധി അവസാനിക്കും.
യുഎസ്എ, കാനഡ ഒഴിച്ചുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രതിനിധികൾക്ക് രജിസ്ട്രേഷൻ ഫീസ് മാത്രം നൽകിയാൽ മതി എന്ന് സംഘാടകർ അറിയിച്ചു.
കോൺഫ്രറൻസിന് വിദേശത്തു നിന്നും ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി അനേകർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി ജനറൽ കൺവീനർ പ്രൊഫ.ഡോ.ജോഷി ജേക്കബ്, വൈസ്. പ്രസിഡന്റ് റവ.അജു എബ്രഹാം, രജിസ്ട്രേഷൻ കൺവീനർ മാത്യൂസ് അത്യാൽ, ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ mtcgfc2020.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഷാജീ രാമപുരം
