ഓസ്റ്റിന്‍: കോവിഡ്19 രോഗം ബാധിച്ച് ടെക്‌സസ്സില്‍ മരിച്ചവരുടെ എണ്ണം 25000 കവിഞ്ഞതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഡിസംബര്‍ 19 ശനിയാഴ്ച ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ടു ലഭിക്കുമ്പോള്‍ 25,226 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് 272 മരണം സംഭവിച്ചതോടെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 മരണം നടന്ന സംസ്ഥാനങ്ങളില്‍ ടെക്സ്സസ് ഒന്നാം സ്ഥാനത്തെത്തി.
അതോടൊപ്പം കോവിഡ് 19 മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിലും സാരമായ വര്‍ധനവുണ്ടായതായി ശനിയാഴ്ചയിലെ റിപ്പോര്‍ട്ടനുസരിച്ചു 9796 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് കഴിഞ്ഞ മാസത്തേക്കാള്‍ 23% അധികമാണ്.
പുതിയതായി ശനിയാഴ്ചരോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12914 ആണ്.ടെക്‌സസ്സില്‍ രോഗപ്രതിരോധത്തിനുള്ള ഫൈസര്‍ വാക്‌സിന്‍ 620,000 ഡോസ് ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്. അടുത്ത ആഴ്ച 2241000 കൂടി ലഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
അമേരിക്കയില്‍ 24 മണിക്കൂറിനകം ക്വാര്‍ട്ടര്‍ മില്യന്‍ പുതിയ കൊറോണ വൈറസ് പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
പി.പി.ചെറിയാന്‍