ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ (എന്‍.വൈ.പി.ഡി) ചാരിറ്റി ഫണ്ടില്‍ നിന്ന് നാലു ലക്ഷത്തില്‍ കൂടുതല്‍ ഡോളര്‍ മോഷ്ടിച്ച ട്രഷറര്‍ ലോറന്‍ ഷാന്‍‌ലിയെ (69) രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചു.

അവള്‍ ഞങ്ങളുടെ സല്പേര് നശിപ്പിച്ചു എന്നാണ് ചാരിറ്റി ഫണ്ട് പ്രസിഡന്‍റ് കാത്‌ലീന്‍ വിജിയാനോ ലോറന്‍ ഷാന്‍ലിയെക്കുറിച്ച് പറഞ്ഞത്. ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ മരണപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായം ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ് എന്‍.വൈ.പി.ഡി ചാരിറ്റി ഫണ്ട്. ആ ഫണ്ടിന്റെ ട്രഷറര്‍ സ്ഥാനത്തിരുന്നുകൊണ്ടാണ് ലോറന്‍ ഷാന്‍‌ലി 400,000 ഡോളറില്‍ കൂടുതല്‍ അടിച്ചു മാറ്റിയത്.

9/11 ന് ശേഷം ക്യാന്‍സര്‍ രോഗത്തിന് ചികിത്സ തേടുന്ന വിജിയാനോ ചാരിറ്റിയെ കൂടുതല്‍ ഫലവത്താക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും, ഷാന്‍‌ലിയെ ഇതുവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു. സംഘടനയില്‍ വിശ്വാസം പുനഃസ്ഥാപിക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്‍ വൈ പി ഡി ഓഫീസര്‍ കൂടിയായ വിജിയാനോ പറഞ്ഞു.

തന്‍റെ കൊച്ചുമകനെ സഹായിക്കാനാണ് പണം എടുത്തതെന്ന കുറ്റസമ്മതത്തിനിടെ സഹപ്രവര്‍ത്തക മരിയ ഡിസേര്‍ഗോവ്സ്കി ഷാന്‍ലിയുടെ മുമ്പത്തെ അവകാശവാദങ്ങളെ തിരസ്ക്കരിച്ചു. പോലീസ് ഓഫീസറായിരുന്ന ഭര്‍ത്താവ് ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനാല്‍ തനിക്ക് പണത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ഷാന്‍ലി പറഞ്ഞത്.

‘ബെര്‍ഗ്ഡോര്‍ഫ് ഗുഡ്മാന്‍റെ ബ്രോഡ്‌വേ ഷോകളും, സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ശാരീരിക വൈകല്യമുള്ള അവളുടെ കൊച്ചുമകനെ സഹായിക്കുകയില്ല,’ ഡിസേര്‍ഗോവ്സ്കി പറഞ്ഞു. എന്‍ വൈ പി ഡി വിധവകളും അവരുടെ ബന്ധുക്കളും നിറഞ്ഞ ഗാലറിക്ക് മുന്‍പില്‍ ഷാന്‍ലി കുറ്റസമ്മതം നടത്തി. ചാരിറ്റിയുടെ 121 ചെക്കുകളും 642 ക്രഡിറ്റ് കാര്‍ഡ് ഇടപാടുകളും എന്റെ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചെന്ന് വികാരാധീനയായി ഷാന്‍ലി പറഞ്ഞു. ‘എന്‍റെ ജീവിതം ഇനി ഒരിക്കലും സമാനമാകില്ല, ഞാന്‍ തന്നെയാണ് തെറ്റുകാരി, ഇതില്‍ മറ്റാര്‍ക്കും പങ്കില്ല.’ അവര്‍ പറഞ്ഞു.

2010 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ചാരിറ്റി ഫണ്ടില്‍ നിന്ന് പണം മോഷ്ടിച്ചതിന് ഷാന്‍ലിക്കെതിരെ കേസെടുക്കുമ്പോള്‍, പ്രൊസിക്യൂട്ടര്‍ ബ്രറ്റ് കാലിക്കോവ് പറഞ്ഞത് ഇത്രയും മോഷ്ടിക്കാന്‍ കാരണം സംഘടന അവളില്‍ വളരെയധികം വിശ്വാസം വെച്ചുപുലര്‍ത്തിയതുകൊണ്ടാണെന്നാണ്.

‘ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെടുന്ന അല്ലെങ്കില്‍ മരണപ്പെടുന്ന എന്‍ വൈ പി ഡി ഉദ്യോഗസ്ഥരുടെ മക്കളില്‍ നിന്നാണ് പ്രതി പണം മോഷ്ടിച്ചത്’ കാലിക്കോവ് പറഞ്ഞു. ‘മോഷ്ടിച്ച പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു അവള്‍. അതുകൊണ്ട് യാതൊരു ദയയും അര്‍ഹിക്കുന്നില്ല.’ അദ്ദേഹം പറഞ്ഞു.

ഷാന്‍ലിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചതിനു പുറമേ, ചാരിറ്റി ഫണ്ടിന് 406,851 ഡോളറും, ഇന്റേണല്‍ റവന്യൂ സര്‍‌വ്വീസിന് (ഐ ആര്‍ എസ്) 103,983 ഡോളറും നല്‍കണമെന്ന് മന്‍‌ഹാട്ടന്‍ ഫെഡറല്‍ കോടതി ജഡ്ജി സിഡ്നി സ്റ്റെയ്ന്‍ ഉത്തരവിട്ടു.

ശിക്ഷ വിധിക്കുമ്പോള്‍ സ്റ്റെയ്ന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. പക്ഷേ രണ്ടു വര്‍ഷം ഇരുമ്പഴിക്കുള്ളില്‍ ചിലവാക്കുന്ന സമയം ഫലപ്രദമാക്കാന്‍ നിര്‍ദ്ദേശിച്ചു. ‘ഇതില്‍ നിന്ന് നിങ്ങളൊരു പാഠം പഠിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,’ ജഡ്ജി പറഞ്ഞു.

ഫെബ്രുവരി 25 ന് ബ്യൂറോ ഓഫ് പ്രിസണ്‍സില്‍ കീഴടങ്ങാന്‍ ഷാന്‍ലിയോട് ഉത്തരവിട്ടു.

മൊയ്തീന്‍ പുത്തന്‍‌ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *