ചിക്കാഗോ: അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മലയാളി സമൂഹവും കടന്നുവരുന്നതിന്റെ ഭാഗമായി ചിക്കാഗോയില്‍ നിന്നും ഇല്ലിനോയി സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്ന കെവിന്‍ ഓലിക്കലിന്റെ ഫണ്ട് റൈസിംഗ് മീറ്റിങ്ങ് ചരിത്ര വിജയമാക്കി കൊണ്ട് ചിക്കാഗോ മലയാളി സമൂഹം. മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട ഫണ്ട് റൈസിങ്ങ് മീറ്റിങ്ങില്‍ നാനാ തുറയില്‍ പെട്ട നൂറുകണക്കിന് മലയാളികളാണ് പിന്തുണയുമായി ഒഴുകിയെത്തിയത്. ഇല്ലിനോയി സ്‌റ്റേറ്റ് അസംബ്ലിയില്‍ 49th ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന കരീന വില്ല മുഖ്യാതിഥിയായി നടത്തപ്പെട്ട സമ്മേളനത്തില്‍ കരീന വില്ലയും മലയാളി സമൂഹത്തില്‍ നിന്നും നിരവധി നേതാക്കളും പ്രസംഗിച്ചു. തന്‍റെ പ്രഥമ തെരെഞ്ഞെടുപ്പില്‍ അക്ഷീണം പ്രവര്‍ത്തിച്ച് വിജയം സുനിശ്ചിതമാക്കുവാന്‍ തന്നോടൊപ്പം കഠിനാദ്ധ്വാനം ചെയ്ത കെവിനെ സ്‌റ്റേറ്റ് റെപ്രസന്റിറ്റിവ് കരീന അനുസ്മരിച്ചപ്പോള്‍ കരഘോഷത്തോടെയാണ് മലയാളി സമൂഹം സ്വീകരിച്ചത്. കെവിനേ പോലെ ഊര്‍ജ്വസ്വലനും, കഠിനാദ്ധ്വാനിയും പൗരബോധവുമുള്ള ഒരു വ്യക്തിയെ വാര്‍ത്തെടുക്കുവാന്‍ പിന്തുണച്ച മലയാളി സമൂഹത്തിന് നന്ദി പറഞ്ഞതോടൊപ്പം തെരഞ്ഞെടുപ്പിന് ആവശ്യമായ സാമ്പത്തിക പിന്തുണ നല്‍കി കെവിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്വമ് പകരുവാനും കരീന വില്ല തന്റെ പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.

ഷിജി അലക്‌സ്, സ്കറിയാക്കുട്ടി തോമസ്, ജോസ് മണക്കാട്ട്, ടോമി മെതിപ്പാറ , ദോ മേരി ലോള്‍, ജോണ്‍സണ്‍ കണ്ണൂര്‍ക്കാടന്‍, ജോര്‍ജ്ജ് പണിക്കര്‍, സണ്ണി ഉലഹന്നാന്‍, പീറ്റര്‍ കുളങ്ങര, ബിന്‍സ് വെളിയത്ത്മ്യാലില്‍, ഷിജു ചെറിയത്തില്‍, ബിജു കിഴക്കേക്കുറ്റ്, സന്തോഷ് കുര്യന്‍ തുടങ്ങി നിരവധിപേര്‍ സമ്മേളനത്തില്‍ കെവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രസംഗിച്ചു. അനില്‍ മെതിപ്പാറ എം സി ആയി നിയന്ത്രിച്ച സമ്മേളനത്തില്‍ കെവിനെ ഔദ്യോഗികമായി അവതരിപ്പിച്ചത് ചിക്കാഗോ മലയാളി സമൂഹത്തിന് സുപരിചിതനും കെവിന്റെ പിതാവുമായ ജോജോ ഓലിക്കല്‍ ആണ്.

ചിക്കാഗോയിലെ 40th & 50th വാര്‍ഡുകളും സ്‌കോക്കി, മോര്‍ട്ടന്‍ഗ്രോവ്, ലിങ്കന്‍വുഡ് സബര്‍ബുകളും അടങ്ങുന്ന ഇല്ലിനോയി സ്‌റ്റേറ്റിന്റെ 16th വാര്‍ഡാണ് കെവിന്റെ മത്സരവേദി. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ ജോജോ & സൂസന്‍ ദമ്പതികളുടെ മകനായ കെവിന്‍ നൈല്‍സ് നോര്‍ത്ത് ഹൈസ്കൂളില്‍ നിന്നും ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയതിന് ശേഷം, അമേരിക്കന്‍ രാഷ്ട്രര്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി കടന്നുവന്ന വ്യക്തിയാണ്. സ്‌റ്റേറ്റ് റെപ്രസന്റിറ്റീവ് ഡബ് കോണ്‍റോയിയുടെ ഡിസ്ട്രിക് ഡയറക്ടര്‍ ആയി സേവനം ചെയ്തിട്ടുള്ള കെവിന്‍ ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസഷന്റെ (ഐ.എ.ഡി.ഒ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ്. അതോടൊപ്പം വര്‍ഷങ്ങളായി മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകരോടൊപ്പം അമേരിക്കന്‍ സമൂഹത്തിന്റെ സാമൂഹിക പ്രശ്‌നങ്ങളില്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും അതോടൊപ്പം മലയാളി സമൂഹത്തില്‍ യുവജനങ്ങള്‍ക്ക് അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പ്രചോദനമാകുവാന്‍ വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.

മാര്‍ച്ച് 17 ലെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയത്തിനതീതമായി മലയാളി സമൂഹത്തിലെ നിരവധി വ്യക്തികള്‍ ഇതിനകം തന്നെ മുന്നോട്ട് വന്നിട്ടുണ്ട് എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് തെരെഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായ ടോമി മെതിപ്പാറ അറിയിച്ചു. തെരെഞ്ഞെടുപ്പില്‍ തങ്ങളെക്കൊണ്ടാവുന്ന വിധത്തിലെല്ലാം സഹകാരികളാകുവാനും ഇല്ലിനോയി സംസ്ഥാനത്തിന്റെ ചരിത്രത്താളുകളില്‍ ആദ്യമായി ഒരു സൗത്ത് ഏഷ്യന്‍ വംശജനെ ഇല്ലിനോയി സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് എത്തിക്കുവാനുള്ള ഈ നിര്‍ണ്ണായക ദൗത്യത്തില്‍ പങ്കാളികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായി ടോമി മെതിപ്പാറ അറിയിച്ചു. തെരെഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക ടോമി മെതിപ്പാറ (773 405 0411).

അനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *