ഡാളസ്: ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഏഴാമത് വാർഷിക കൺവെൻഷൻ ആത്മീയ പ്രഭപരത്തി സമാപിച്ചു. പ്രമുഖ വേദപണ്ഡിതനും, ഉണർവ്വ് പ്രഭാഷകനും ആയ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പയാണ് കൺവെൻഷന് മുഖ്യസന്ദേശം നൽകിയത്.
മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ വെച്ച് ഓഗസ്റ്റ് 23ന് ആരംഭിച്ച് 25 ന് സമാപിച്ച കൺവെൻഷൻ അനേക വിശ്വാസികൾക്ക് ആത്മീയ പ്രചോദനവും സ്വാന്തനവും പകർന്നു നൽകി. നല്ല ശമര്യക്കാരന്റെ ഉപമയെ ആസ്പദമാക്കിയാണ് സമാപനദിവസം വചന സന്ദേശം നൽകിയത്.
റവ. ബ്ലെസൻ കെ.മോന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമാപന യോഗത്തിനു യുവജന സഖ്യം പ്രസിഡന്റും ഇടവക വികാരിയുമായ റവ. ഡോ. എബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. മധ്യസ്ഥ പ്രാർത്ഥനയ്‌ക്ക് പി. വി ജോൺ നേതൃത്വം നൽകി. ആത്‌മീയ ചൈതന്യം തുളുമ്പുന്ന ഗാനങ്ങൾ ആലപിച്ച ഗായക സംഘം സമ്മേളനത്തിന് മികവ് പകർന്നു. സഭാ വ്യത്യാസം കൂടാതെ നിരവധി വിശ്വാസികൾ യോഗങ്ങളിൽ പങ്കെടുത്തു.
ഡാളസിലെ സമീപ ഇടവകകളിലെ വൈദീകരായ റവ.ഫാ. വി എം തോമസ്സ് കോർ എപ്പിസ്‌കോപ്പ, റവ.ഫാ.എൽദോസ് പൈലി, റവ. മാത്യു മാത്യൂസ്, റവ. ബ്ലെസൻ കെ മോൻ, റവ.ഫാ.ജോസഫ് കുര്യൻ, ഡീക്കൻ അജീഷ് എബ്രഹാം, എന്നിവർ പങ്കെടുത്തു. കൺവെൻഷൻ കൺവീനർ ജോബി ജോൺ നന്ദി പ്രകാശിപ്പിച്ചു. റവ.ഫാ പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ സമർപ്പണ പ്രാർത്ഥനയും. സൗത്ത് വെസ്റ്റ് റീജിയൻ യുവജന സഖ്യം പ്രസിഡന്റ് റവ. മാത്യു മാത്യൂസ് സമാപന പ്രാർത്ഥനയും നടത്തി.
ഷാജി രാമപുരം