ഹൂസ്റ്റൺ: ഭാരതീയ ശാസ്ത്രീയ നൃത്തകലകളിൽ വിദഗ്ദയും പ്രശസ്ത നർത്തകിയുമായ ഡോ. സുനന്ദാ നായരുടെ ശിഷ്യയായ മേഘ്ന മുരളീധരന്റെ ഭരത നാട്യ അരങ്ങേറ്റം സദസ്സിന്റെ മുക്തകണ്ഠ പ്രശംസ നേടിയതോടൊപ്പം അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച ഒരു ആഘോഷമായി മാറി.
ഓഗസ്റ്റ് 17 നു ശനിയാഴ്ച വൈകുന്നേരം ക്ലിയർലേക്ക് യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ ബായോ തിയേറ്ററിൽ വച്ചായിരുന്നു മേഘ്‌നയുടെ അരങ്ങേറ്റം.
മുഖ്യാതിഥിയായി പ്രേക്ഷകർക്കു ആശ്ചര്യമുളവാക്കികൊണ്ടു ലോക പ്രശസ്ത കലാകാരനായ സൂര്യാ കൃഷ്ണമൂർത്തി എത്തിച്ചേർന്നത് നൃത്തസന്ധ്യയെ കൂടുതൽ മികവുറ്റതാക്കി മാറ്റി.വർത്തമാന കാലത്തെ ക്ഷയിച്ചു പോകുന്ന ധാർ മികതയെയും ആശയങ്ങളെയും പറ്റി അദ്ദേഹം ഓർമിപ്പിച്ചു.
നൃത്തപരിപാടിയുടെ വിജയത്തിലേക്ക് നയിച്ച ഓരോ ഘടകവും വളരെ കൃത്യതയോടെ കോർത്തിണക്കി ചെയ്തതിനാൽ ഒരു ദിവ്യമായ അന്തരീക്ഷം സൃഷ്ടിക്കുവാൻ സാധിച്ചു. നടുവാംഗം അവതരിപ്പിച്ച ഡോ. സുനന്ദ നായർക്ക് വായ്പ്പാട്ടു (മുരളി പാർത്ഥസാരഥി), മൃദംഗം (വെങ്കിടേഷ് വേദകൃഷ്‍ണൻ) വയലിൻ (സുനിൽ ഭാസ്കർ) എന്നിവ മികച്ച രീതിയിൽ സമന്വയിപ്പിക്കാൻ കഴിഞ്ഞു.
പ്രാരംഭമായി നടത്തിയ പുഷ്പാഞ്ജലിയ്ക്ക് ശേഷം “ഭജമാനസ വിഗ്നേശ്വര അനീഷം” പ്രാർത്ഥനയ്‌ക്കു ശേഷം ‘കാളി കവത്വം’ നടത്തി.
തുടക്കകാരിയാണെങ്കിലും പരിപൂർണതയിലെത്തിയ ഒരു നർത്തകിയുടെ പ്രകടനമാണ് പിന്നീട് മേഘ്ന കാഴ്ചവെച്ചത്.
പാപനാശം ശിവൻ “വർണ്ണം” പാടിയപ്പോൾ നൃത്തത്തിലും നാട്യത്തിലും മേഘ്‌നയുടെ വീര്യവും പാണ്ഡിത്യവും അതിശയകരമാം വിധം അവതരിപ്പിക്കുവാൻ കഴിഞ്ഞു. വളരെ സങ്കീർണമായ വരികളിലൂടെ ‘വർണ്ണം’ ഒരു നർത്തകിയുടെ ഊർജ്ജസ്വലതയും ശുദ്ധവും ശാന്തവും സങ്കീർണവുമായ പരിവർത്തനങ്ങളിലൂടെ വിസ്‌മയമാക്കുകയാണ്; അഭിനയം അല്ലെങ്കിൽ ‘ഭാവം’. താൻ വിശ്വസിച്ചു പോരുന്ന ഭഗവാനിൽ (ശിവ) നിന്ന് ആകെ അവഗണ നേരിടേണ്ടി വന്ന യഥാർത്ഥ ഭക്തന്റെ വേദന ചിത്രീകരിക്കുമ്പോൾ, പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ട് അത് വേറിട്ട ഒരു ദൃശ്യ വിരുന്നായി മാറി.
രണ്ടാം പകുതിയിൽ സ്വർഗീയ ശ്രീ പി.ഭാസ്കരൻ മാസ്റ്ററുടെ ‘ കേശാദിപാദം’, മുരളി പാർത്ഥസാരഥി വ്യകരപരമായി പൂർണതയിലെത്തിച്ചപ്പോൾ മേഘ്‌നയുടെ വിശിഷ്ടാഭിനയം കൊണ്ട് മറ്റൊരു മാനം കൂടി നൽകി. തികഞ്ഞ ഭക്തിയോടെ ഭഗവാൻ ശ്രീകൃഷ്ണന്റെ സൗന്ദര്യവർണ്ണന ( കേശാദിപാദം) കാണികളെ മുഴുവൻ ഭക്തിയിലാറാടിച്ചു.
‘ഭജൃമാനസ’ ശ്രദ്ധേയമായ തുടക്കമായിരുന്നെങ്കിൽ ‘കാവടിചിന്ത്’ അതിശയകരമാവിധം കാണികളെ ആനന്ദത്തിലാറാടിച്ച ഒരു നൃത്ത സന്ധ്യയാക്കി തീർത്തു. നാടോടി നൃത്ത ചുവയുള്ള ‘കാവടിചിന്ത്’ കാണികളെ ആസ്വാദനത്തിന്റെ വ്യത്യസ്ത തലങ്ങളിലെത്തിച്ചു.
മേഘ്‌നയുടെ ‘സ്വാതിതിരുനാൾ കീർത്തനം, മനോഹരമായ ചലങ്ങളുടെയും മുദ്രകളുടെയും പദചലനങ്ങളുടെയും സമ്പൂർണ മിശ്രിതമായിരുന്നു.
‘മംഗള’ത്തിനു മേഘ്ന നൃത്തം ചവിട്ടിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കിയത് മേഗൻഹയുടെ കഴിവുകൾക്കുള്ള അംഗീകാരമാണ്.
‘ഭരതനാട്യം’ എന്ന കലാരൂപത്തെ തീർത്തും സ്വായത്തമാക്കിയ ശൈലിയിലായിരുന്നു മേഘ്‌നയുടെ ചലങ്ങളും മുദ്രകളും ഭാവങ്ങളും. സങ്കീർണങ്ങളായ ഭാവ, രാഗ, താള, നാട്യത്തോടെ “തില്ലാന” ആടിത്തീർന്നപ്പോൾ കാണികൾക്കു ഈ ദൃശ്യവിരുന്നു ആസ്വദിച്ചു മതിയായില്ലെന്ന തോന്നൽ ഉളവായി.
ഗുരു ഡോ.സുന്ദന്ദ നായരുടെ വാക്കുകളിൽ ‘തികവിൽ കുറഞ്ഞ ഒന്നിനോടും സന്ധി ചെയ്യാത്ത വ്യക്തി – മേഘ്ന മുരളീധരൻ” ഗുരുവിന്റെ മന്ദഹാസവും സന്തോഷാശ്രുവും മേഘ്‌നയുടെ കഴിവിന്റെ സാക്ഷ്യപ്പെടുത്തൽ തന്നെയാണ്.
ജീമോൻ റാന്നി