ഡാളസ്: വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇനി ഇന്ത്യയിൽ എത്തിയ ഉടനെ തന്നെ ആധാർ കാർഡിന് അപേക്ഷിക്കാം. ആധാറിന് അപേക്ഷിക്കാൻ നാട്ടിലെത്തി 180 ദിവസം കാത്തിരിക്കണമെന്നായിരുന്നു നിലവിലുള്ള നിയമം. നിലവിലെ നിയമപ്രകാരം റെസിഡൻസി സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഇതു നീക്കം ചെയ്യുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്‌ജറ്റ് പ്രസംഗത്തിൽ അറിയിച്ചതിനെ തുടർന്നാണ് യു. ഐഡി. എ. ഐ ഇത് നടപ്പിലാക്കിയത്. ഓൺലൈനായും ആധാർ കാർഡിനു ഇനിമുതൽ അപേക്ഷിക്കാവുന്നതാണ്. ഇനി മുതൽ വിദേശത്തുള്ള ഇന്ത്യക്കാർ, നാട്ടിലെത്തിയ ഉടന്‍ തന്നെ ആധാർ കാർഡിന് അപേക്ഷിക്കുവാനും, അതിന്മേലുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎ ഐ ) അറിയിച്ചു. ആധാർ കാർഡ് തുടങ്ങിയ സമയം മുതൽ, പ്രവാസികൾ അനുഭവിച്ചു വരുന്ന വലിയ ഒരു ബുദ്ധിമുട്ടിന് ഇതോടെ ശ്വാശ്വത പരിഹാരമായി.
ടെലിഫോൺ കണക്ഷൻ, പാചക ഗ്യാസ് കണക്‌ഷൻ മുതൽ പലതരം നികുതികൾ അടക്കുന്നത് വരെയുള്ള നിരവധി അടിസ്ഥാന കാര്യങ്ങൾക്ക് അത്യാവശ്യമാണ് ആധാർ കാർഡ്. എത്രയും വേഗത്തിൽ ഇത് ലഭ്യമാക്കാനുള്ള തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നു. പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ ഇക്കാര്യം വളരെ നാളുകളായി ഫോമാ സർക്കാരുകളോട് ഉന്നയിചിച്ചിരുന്നു. കാത്തിരിപ്പ് കാലാവധി മൂലം ഇതുവരെ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം നൽകിയ സർക്കാരിന്റെ ഈ പുതിയ തീരുമാനത്തെ ഫോമാ സഹർഷം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവർ അറിയിച്ചു.
ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം