ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന സേവികാസംഘത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ വേൾഡ് ഡേ ഓഫ് പ്രയർ മാർച്ച് 20 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 12.30 വരെ ഓൺലൈൻ പ്ലാറ്റ് ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്നു.

ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് ഭദ്രദീപം തെളിച്ച് തുടക്കം കുറിക്കുന്ന സമ്മേളനത്തിൽ വേൾഡ് ഡേ ഓഫ് പ്രയർ ഇന്റർനാഷണൽ കമ്മറ്റിയുടെ എക്സിക്യൂട്ടീവ് ഡയക്ടർ റോസാൻജലാ ഒലീവിയേറ, യൂഎസ്എ കോർഡിനേറ്റർ ആൻഡ്രിയ മിസ്കോ, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ലീന തോമസ്, ഡോ.ആനി ഫിലിപ്പ്, നിർമ്മല എബ്രഹാം, നീതി പ്രസാദ്, ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം എന്നിവർ സംസാരിക്കും.

1927 ൽ ആണ് അഖില ലോക പ്രാർത്ഥനാ ദിനം ആരംഭിക്കുന്നത്.ഏകദേശം 141 രാജ്യത്തിലെ വനിതകളാണ് ഈ വലിയ ദിനത്തിന്റെ അണിയറ ശിൽപികൾ. അതാത് രാജ്യങ്ങളിലെ വനിതകൾ ആണ് അവരുടേതായ സംസ്കാരവും, ഭാഷയും ഉൾക്കൊണ്ട് ഓരോ വർഷവും അർത്ഥവത്തായ ആരാധന ക്രമം രൂപപ്പെടുത്തുന്നത്.

ഓസ്ട്രേലിയാക്ക് അടുത്തുള്ള സൗത്ത് പസഫിക്ക് മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന എൺപതോളം ദ്വീപുകൾ ഉൾകൊള്ളുന്ന വാനുവാട്ട് എന്ന രാജ്യം ആണ് ഈ വർഷത്തെ ആരാധന തയ്യാറാക്കുന്നത്. പ്രകൃതി രമണീയമായ രാജ്യം ആണെങ്കിലും ഏറ്റവും കൂടുതൽ പ്രകൃതിക്ഷോഭത്തിന് ഇരയാകുന്ന രാജ്യം കൂടിയാണ് വാനുവാട്ട്. 62 ശതമാനം സ്ത്രീകൾ ഈ രാജ്യത്ത് പീഡനം അനുഭവിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഭദ്രാസനത്തിലെ ഭൂരിഭാഗം ഇടവകളിലെ പ്രതിനിധികളെ ആരാധനയിൽ പങ്കാളികളാക്കി ആദ്യമായിട്ടാണ് സൂമിലൂടെ സേവികാ സംഘത്തിന്റെ നേതൃത്വത്തിൽ ഇപ്രകാരം ഒരു സമ്മേളനം നടത്തപ്പെടുന്നത്. ഏകദേശം മുപ്പതിൽ പരം ഇടവകളിൽ നിന്നുള്ള ഗായകരെ ഉൾപ്പെടുത്തി വെർച്ച്വൽ ക്വയർ ആലപിക്കുന്ന തീം സോങ് മറ്റൊരു പ്രത്യേകതയാണ്.

റവ.ഷിബി വർഗീസ് (വൈസ്.പ്രസിഡന്റ്), സുമാ ചാക്കോ (സെക്രട്ടറി), നോബി ബെജു (ട്രഷറാർ) എന്നിവരാണ് ഭദ്രാസനത്തിന്റെ ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ശനിയാഴ്ച്ച രാവിലെ നടത്തപ്പെടുന്ന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. യൂട്യൂബിലൂടെയും ഇതിൽ ഏവർക്കും പങ്കാളിയാകാവുന്നതാണ്.

Meeting: ID 834 6538 6591 Password: 10001

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *