ന്യൂയോര്‍ക്ക്: 2024-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, യുണൈറ്റഡ് നേഷന്‍സ് മുന്‍ യുഎസ് അംബാസിഡറുമായ നിക്കി ഹേലിയെ മത്സരിപ്പിക്കണമെന്ന് അമേരിക്കയിലെ പ്രസിദ്ധ ടെലി ഇവാഞ്ചലിസ്റ്റും, ട്രംപിന് ശക്തമായ പിന്തുണ നല്‍കിവരുന്നആളുമായ പാറ്റ് റോബര്‍ട്ട്‌സണ്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അധികാരം കൈമാറുന്നതിനു പകരം ട്രംപ് സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കാനാവില്ലെന്ന് പാറ്റ് പറഞ്ഞു. ഒരു ടെലിവിഷന്‍ ഷോയിലാണ് തന്റെ വ്യക്തിപരമായ അഭിപ്രായം അദ്ദേഹം വെളിപ്പെടുത്തിയത്.

2024-ല്‍ ട്രംപ് മത്സരിക്കുകയാണെങ്കില്‍ അത് തെറ്റായ തീരുമാനമാകുമെന്നും താന്‍ രൂപീകരിച്ച 700 ക്ലബിന്റെ പിന്തുണയും, സാമ്പത്തിക സഹായവും നല്‍കുക നിക്കിയ്ക്ക് ആയിരിക്കുമെന്നും പാറ്റ് പറഞ്ഞു.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ട്രംപ് ചെയ്ത സേവനം സ്തുത്യര്‍ഹമാണ്. ഭരണതലത്തില്‍ ട്രംപുമായി വിയോജിപ്പ് പ്രകടിപ്പിച്ചവരെ യാതൊരു തത്വദീക്ഷയുമില്ലാതെ പിരിച്ചുവിട്ട നടപടി ശരിയല്ല. ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടതിനു തുടര്‍ന്ന് രാജ്യത്താകമാനം അക്രമങ്ങളും, പ്രകടനങ്ങളും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവരുടെ വികാരത്തെ മാനിക്കാതെ ട്രംപ് അതിനെ അവഗണിച്ചത് പ്രതിഷേധാര്‍ഹമായിരുന്നുവെന്നും പാറ്റ് ചൂണ്ടിക്കാട്ടി.

ആവശ്യത്തിലധികം ഇലക്ടറല്‍ വോട്ടുകള്‍ നേടിയ ജോ ബൈഡന്റെ വിജയം അംഗീകരിച്ച് ബൈഡനെ അഭിനന്ദിക്കാന്‍ തയാറാകണമെന്നും ടെലി പ്രഭാഷണത്തില്‍ ഇവാഞ്ചലിസ്റ്റ് ആവശ്യപ്പെട്ടു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *