കലിഫോര്‍ണിയ: ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന യുവാവിനെ മദ്യക്കടയില്‍ വേതനം നല്‍കാതെ ദിവസം 15 മണിക്കൂര്‍ വീതം ഏഴു ദിവസവും പണിയെടുപ്പിച്ച കുറ്റത്തിന് ഇന്ത്യന്‍ ദമ്പതികളായ ബെല്‍വീന്ദര്‍ മാന്‍, അമര്‍ജിത്ത് എന്നിവരെ ഗില്‍റോയ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നവംബര്‍ പത്തിന് ജയിലില്‍ അടച്ച ഇവര്‍ക്കെതിരേ ലേബര്‍ ഹ്യൂമന്‍ ട്രാഫിക്കിംഗ്, തടങ്കലില്‍ പാര്‍പ്പിക്കല്‍, വേതനം നല്കാതിരിക്കുക, ഗൂഢാലോചന തുടങ്ങിയ ഒമ്പത് കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇവരെ പിന്നീട് മകന്‍ ഒരു മില്യന്‍ ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറക്കി. വീട്ട് തടങ്കലില്‍ കഴിയുന്ന ഇവരുടെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിട്ടുണ്ട്.

2019-ലാണ് ദമ്പതികള്‍ക്കൊപ്പം തൊഴില്‍ വാഗ്ദാനം നല്‍കി പേര് വെളിപ്പെടുത്താത്ത യുവാവിനെ അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അമേരിക്കയില്‍ എത്തിയതോടെ യുവാവിന്റെ പാസ്‌പോര്‍ട്ട് വാങ്ങിവച്ചതിനുശേഷം ഇവരുടെ ഉടമസ്ഥതയിലുള്ള മദ്യക്കടയില്‍ ജോലി നല്‍കി. 15 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലിയെടുത്ത് ക്ഷീണിച്ച യുവാവിനെ കടയോടുചേര്‍ന്നുള്ള ഒരു മുറിയാണ് താമസത്തിനു നല്‍കിയത്. പുറത്തുപോകാന്‍ അനുമതിയില്ലായിരുന്നു.

ഫെബ്രുവരിയിലാണ് സംഭവം പുറത്തറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് മദ്യം വിറ്റതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് മധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുമെന്ന് ദമ്പതികള്‍ ഭീഷണിപ്പെടുത്തിയതായി യുവാവ് പറയുന്നു. എന്നാല്‍ യുവാവ് തങ്ങളുടെ ബന്ധുവാണെന്നും, സ്റ്റോറില്‍ തങ്ങളെ സഹായിക്കുക മാത്രമാണ് ഇയാള്‍ ചെയ്തതെന്നും ദമ്പതികള്‍ പറയുന്നു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *