വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തില്‍ ആയതിനു പിന്നാലെ രാജ്യത്തു പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെട്ടു. പോര്‍ട്ട്!ലാന്‍ഡിലെ സംഭവവികാസങ്ങളെ കലാപമായി പ്രഖ്യാപിച്ച പൊലീസ്, 11 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്നു പടക്കങ്ങളും ചുറ്റികയും തോക്കും പിടിച്ചെടുത്തു. സംഘര്‍ഷം ലഘൂകരിക്കാന്‍ ഒറിഗണ്‍ ഗവര്‍ണര്‍ കേറ്റ് ബ്രൗണ്‍ നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ചു.
ന്യൂയോര്‍ക്ക് നഗരത്തില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്ത 50 ഓളം പേര്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനെ അനുകൂലിക്കുന്നവര്‍ യുഎസിലെ നഗരങ്ങളില്‍ ചെറുതും സമാധാനപരവുമായ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. വിജയം അവകാശപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്, ഇനി ബാലറ്റുകള്‍ എണ്ണുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഡെന്‍വറില്‍ പൊലീസുമായി ഏറ്റുമുട്ടിയ നാലു പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞതിനെ തുടര്‍ന്ന് മിനിയപൊളിസിലും അറസ്റ്റ് നടന്നു. തടസ്സമില്ലാതെ വോട്ടെണ്ണല്‍ തുടരണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകള്‍ അറ്റ്‌ലാന്റ, ഡിട്രോയിറ്റ്, ഓക്‌ലന്‍ഡ് എന്നിവിടങ്ങളില്‍ റാലികള്‍ നടത്തി. 165ലധികം സംഘടനകളുടെ കൂട്ടായ്മയായ ‘പ്രൊട്ടക്റ്റ് ദ് റിസല്‍റ്റ്’ ശനിയാഴ്ച വരെ രാജ്യത്തുടനീളം നൂറിലേറെ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.