സിയാറ്റില്‍ (വാഷിംഗ്ടണ്‍): ഒക്‌ടോബര്‍ ഒമ്പതു മുതല്‍ കാണാതായ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ ആന്ത്രോപ്പോളജി പ്രൊഫസറും, ഇന്ത്യന്‍- അമേരിക്കനുമായ സാം ഡുബലിനെ (33) കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഊര്‍ജിതപ്പെടുത്തി.

വാഷിംഗ്ടണ്‍ സംസ്ഥാനത്തെ സിയാറ്റില്‍ പാര്‍ക്കില്‍ ഒക്‌ടോബര്‍ ഒമ്പതിന് രാത്രിയില്‍ ഹൈക്കിനു പോയതായിരുന്നു പ്രൊഫസര്‍. അവസാനമായി കാണുമ്പോള്‍ നീല നിറത്തിലുള്ള ഫെയ്‌സ് ജാക്കറ്റും, കണ്ണടയും ധരിച്ചിരുന്നതായി ഒക്‌ടോബര്‍ 12ന് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. യു.സി ലോ പ്രൊഫസറും സഹോദരിയുമായ വീണ ഡുബെല്ലാണ് സഹോദരനെ കണ്ടെത്തുന്നതിനുള്ള സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ഹൈക്കിംഗിനു പോയ രാത്രിയില്‍ മഞ്ഞ് വീഴ്ചയും, മഴയും ഉണ്ടായിരുന്നതായി നാഷണല്‍ പാര്‍ക്ക് റേഞ്ചര്‍ കെവിന്‍ പറയുന്നു. വളരെ അപകടംപിടിച്ച കുത്തനെയുള്ള പ്രദേശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബര്‍ 9 വരെ സാം ഉപയോഗിച്ചിരുന്ന സെല്‍ ഫോണില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു.

ഒക്‌ടോബര്‍ 13 ഉച്ചവരെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണവും ഫലപ്രദമായില്ല. ഹൈക്കിംഗിനു പോകുമ്പോള്‍ നിരവധി ദിവസത്തേക്കുള്ള ഭക്ഷണം കരുതുക പതിവായിരുന്നുവെന്ന് സഹോദരി പറഞ്ഞു. സംഭവത്തെക്കുറിച്ചോ, സാമിനെക്കുറിച്ചോ വിവരം ലഭിക്കുന്നവര്‍ 360 569 6684 നമ്പരില്‍ വിളിച്ചറിയിക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ട്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *