ഹ്യുസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ സെന്റ് തോമസ് സിഎസ്ഐ ചര്‍ച്ചിന്റെ നിര്‍മ്മാണോദ്ഘാടനം 2020 സെപ്റ്റംബര്‍ 19 ന് രാവിലെ 10 മണിക്ക് റവ: തോമസ് കെ ഉമ്മന്‍ നിര്‍വഹിക്കും. 16520 ചിംനിറോക് റോഡില്‍ പുതുതായി വാങ്ങിയ സ്ഥലത്ത് നിര്‍മ്മാണം ആരംഭിച്ചു, 2021 മധ്യത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും സാദരം ക്ഷണിച്ചു കൊള്ളുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
450 പേരെ ഉള്‍കൊള്ളത്തക്ക വിധത്തില്‍ എല്ലാവിധ ആധുനീക സൗകര്യങ്ങളോടും കൂടിയുമുള്ള വലിയൊരു ദേവാലയം ആണ് ഇവിടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരിമിതമായ സ്ഥലസൗകര്യങ്ങള്‍ മൂലം കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഹ്യുസ്റ്റണിലേക്കു വന്ന ചിലരെങ്കിലും പഴയ ദേവാലത്തിന്റെ സ്ഥലസൗകര്യങ്ങളിലെ അപര്യാപ്തത മൂലം ഇതര സഭകളിലേക്കു പോകേണ്ടി വന്നു. ഇത്തരം പ്രശ്നങ്ങള്‍ക്കു ഒരു ശാശ്വത പരിഹാരമായാണ് പുതിയ ദേവാലയം എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചരിത്രം ചുരുക്കത്തില്‍ .
ബ്രിട്ടീഷ് അധിനിവേശ സമയത്ത് ഉണ്ടായിരുന്ന ആംഗ്ലിക്കന്‍, യുണൈറ്റഡ് ചര്‍ച്ച് ഇന്‍ ക്രൈസ്റ്റ്, പ്രിസ്ബിറ്റേറിയന്‍, മെതഡിസ്റ്റ് എന്നീ നാല് വ്യത്യസ്ത സഭകള്‍ ഒന്നിച്ചു ചേര്‍ന്നുകൊണ്ട് 1947 രൂപീകൃതമായ സിഎസ്ഐ സഭ ഇന്ന് 22 ഭദ്രാസനവും, 14000 ഇടവകകളും 3.8 ദശലക്ഷം അംഗങ്ങളുള്ള ഒരു ആഗോള സഭയായി മാറി. ചെന്നൈ ആണ് ആഗോള സിഎസ്ഐ സഭയുടെ ആസ്ഥാനം. ആതുരശുശ്രൂഷാ സേവന രംഗങ്ങളില്‍ പ്രാവീണ്യം നേടിയവരില്‍ ചിലര്‍ നോര്‍ത്ത് അമേരിക്കയിലേക്ക് കുടിയേറി. അവരില്‍ ചിലര്‍ അമേരിക്കയിലെ എണ്ണ ഉത്പാദനത്തില്‍ മുമ്പന്തിയില്‍ നില്ക്കുന്ന ടെക്സസിലെ ഹ്യൂസ്റ്റണ്‍ നഗരത്തിലും എത്തിച്ചേര്‍ന്നു. അങ്ങനെ ഇവിടെ എത്തിച്ചേര്‍ന്ന 22 കുടുംബങ്ങള്‍ ഒന്നിച്ച് 1988 ല്‍ സിഎസ്ഐ മധ്യകേരള മഹായിടവകയുടെ അംഗീകാരത്തോടെ സെന്റ് തോമസ് സിഎസ്ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ രൂപീകരിക്കുകയും 1991 ല്‍ 13630 അല്‍മേഡ സ്കൂള്‍ റോഡില്‍ 200 പേര്‍ക്ക് ഒരുമിച്ചു വന്നു ആരാധിക്കത്തക്ക വിധത്തിലുള്ള ഒരു ദേവാലയം നിര്‍മ്മിക്കുകയും ചെയ്തു. അചഞ്ചലമായ ദൈവ ആശ്രയത്തില്‍ 28 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് സെന്റ് തോമസ് സിഎസ്ഐ ചര്‍ച്ചിന്റെ ഭാഗമായി 132 കുടുംബങ്ങളാണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്- വികാരി റവ: ജിജോ എബ്രഹാം (214) 4440057, ബില്‍ഡിങ് കമ്മിറ്റി കണ്‍വീനര്‍ :ജോണ്‍ ഡബ്ല്യു. വര്‍ഗീസ് (832) 877 5545