അലബാമ : അലബാമ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം ആരംഭിച്ച് ഒരാഴ്ചക്കുള്ളില്‍ 566 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 19നാണ് വിദ്യാര്‍ഥികള്‍ കോളജില്‍ പഠനത്തിനായി എത്തിയത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയുമധികം വിദ്യാര്‍ത്ഥികളില്‍ രോഗം കണ്ടെത്തിയത് ആശങ്കാ ജനകമാണെന്നും, ഹെല്‍ത്ത് ആന്റ് സേഫ്റ്റി പ്രൊട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അലബാമ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ക്കയച്ച കത്തില്‍ പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ പേരില്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന് യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

രാജ്യത്താകമാനമുള്ള യൂണിവേഴ്‌സിറ്റികള്‍ കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെകുറിച്ചു ആലോചന നടക്കുന്നുണ്ട്. നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയില്‍ ഒരാഴ്ചക്കുള്ളില്‍ 135 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നോടിഡാം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ പഠനം തുടങ്ങുന്നത് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു.

അലബാമ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം ആരംഭിച്ച ഓഗസ്റ്റ് 19 ന് സമീപത്തുള്ള ടസ്ക്കലോസ ബാറിനുമുന്നില്‍ വിദ്യാര്‍ഥികള്‍ കൂട്ടംകൂടി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *