ന്യൂയോര്‍ക്ക് : അമേരിക്കന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ഗുഡ്‌മോണിങ്ങ് അമേരിക്കാ പ്രോഗ്രാം പ്രൊഡ്യൂസറും പ്രമുഖ ജേര്‍ണലിസ്റ്റും അവാര്‍ഡ് ജേതാവുമായ ഡെയ്ഷ റയ്ലി (35) അന്തരിച്ചു. 2007 മുതല്‍ എബിസി ഗുഡ്‌മോണിങ്ങ് പ്രോഗ്രാം വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡെയ്ഷയുടെ മരണം അപ്രതീക്ഷിതമായിരുന്നുവെന്ന് സഹപ്രവര്‍ത്തകന്‍ മൈക്കിള്‍ ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചു. മരണകാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘പ്രഗത്ഭയായ താരപ്രഭയുള്ള യുവസംവിധായികയായ ജേര്‍ണലിസ്റ്റിനെയാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്’ മൈക്കിള്‍ അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ടെലിവിഷന്‍ പ്രേക്ഷകരുടെ ആവേശവും അഭിമാനവും മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഡെയ്ഷയുടെ വിയോഗം ടെലിവിഷന്‍ ലോകത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
2006 ല്‍ ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റി പര്‍ചേയ്‌സ് കോളേജില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം നേടി. എബിസിയില്‍ ചേരുന്നതിനു മുമ്പ് ടേപ്പ് കോര്‍ഡിനേറ്ററായി എം ടിവിയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2007–ല്‍ എബിസിയില്‍ പ്രൊഡക്ഷന്‍ അസോസിയേറ്ററായി ജോലിയില്‍ പ്രവേശിച്ച ഡെയ്ഷ പിന്നീട് അസോസിയേറ്റ് പ്രൊഡ്യൂസറായി. 2014 ലാണ് പ്രൊഡ്യൂസര്‍ തസ്തികയില്‍ നിയമനം ലഭിച്ചത്.
സഹപ്രവര്‍ത്തകരോടു സരസമായി സംസാരിക്കുന്ന ഡെയ്ഷ മിതഭാഷിയായിരുന്നു. ഏപ്രില്‍ മാസം ഗുഡ്‌മോണിങ്ങ് അമേരിക്കാ സ്റ്റുഡിയോ ക്യാമറ ഓപ്പറേറ്റര്‍ ടോണി ഗ്രീര്‍ നോവല്‍ കൊറോണ വൈറസിനെ തുടര്‍ന്നായിരുന്നു അന്തരിച്ചത്. ദിവസവും മൂന്നു മില്യന്‍ പ്രേക്ഷകരുള്ള മോണിങ്ങ് ഷോ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ എമി അവാര്‍ഡിന് അര്‍ഹയായിട്ടുണ്ട്.
പി.പി. ചെറിയാന്‍