ഡാളസ്: ജഡത്തേയും ജഡിക സുഖങ്ങളേയും അമിതമായി പ്രണയിക്കുന്നവര്‍ക്ക് ദൈവത്തില്‍ ആസ്വാദനം കണ്ടെത്താന്‍ കഴിയുകയില്ലെന്നു സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും വേദ പണ്ഡിതനുമായ വെരി. റവ.ഫാ. പൗലോസ് കോര്‍എപ്പിസ്‌കോപ്പ പറഞ്ഞു.

ഓഗസ്റ്റ് 23 മുതല്‍ ഡാളസ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ത്രിദിന കണ്‍വന്‍ഷന്റെ രണ്ടാം ദിനം നല്ല ശമര്യാക്കാരന്റെ ഉപമയെ ആസ്പദമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു കോര്‍എപ്പിസ്‌കോപ്പ.

ദൈവീക പറുദീസയായ ജറുസലേമില്‍ സ്വര്‍ഗ്ഗീയ സുഖങ്ങള്‍ അനുഭവിച്ച്, പാപപങ്കിലമായ, നരകതുല്യമായ യെരിഹോമിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടേയും യാതനകളുടേയും വ്യത്യസ്ത അനുഭവങ്ങളെ ഹൃദയസ്പര്‍ശിയായി അച്ചന്‍ വിശദീകരിച്ചു.

മുറിവേറ്റ് അര്‍ധപ്രാണനായി വഴിയില്‍ കിടന്നിരുന്ന മനുഷ്യന് സമീപത്തുകൂടെ കടന്നുപോയ പുരോഹിതന്റേയും, ലേവ്യയുടേയും മനസ്സാക്ഷിയില്ലാത്ത, നീതിബോധമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ന്യായീകരിക്കാവുന്നവയല്ലെന്നും അച്ചന്‍ ചൂണ്ടിക്കാട്ടി. യേശുക്രിസ്തു എന്ന മഹാപുരോഹിതനെ പിന്തടരുന്നവരായിരിക്കണം യഥാര്‍ത്ഥ പുരോഹിതര്‍. മുറിവേറ്റവരേയും പീഡിതരേയും ശുശ്രൂഷിക്കുന്നതാണ് പൗരോഹിത്യ ശുശ്രൂഷയെന്നും കോര്‍എപ്പിസ്‌കോപ്പ ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് 24-നു ശനിയാഴ്ച നടന്ന കണ്‍വന്‍ഷനില്‍ റവ.ഡോ. അബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. യുവജനസഖ്യം സെക്രട്ടറി ജെ. ഇട്ടി മുഖ്യ പ്രാസംഗീകനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. റവ. ബ്ലെയിസില്‍ കെ. മോനച്ചന്‍ മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടെയാണ് യോഗം ആരംഭിച്ചത്. പി.വി. ജോണ്‍ സമാപന പ്രാര്‍ത്ഥന നടത്തി.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *