ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കൊവിഡ്-19 കേസുകളുടെ എണ്ണം 524 ആയി ഉയര്‍ന്നുവെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ശനിയാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതല്‍ 100-ലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു.
അതിനിടെ, ന്യൂയോര്‍ക്ക് നഗര പ്രദേശത്ത് ശനിയാഴ്ച 82 വയസുള്ള സ്ത്രീ കൊറോണ വൈറസ് മൂലം മരിച്ചതായും സ്ഥിരീകരിച്ചു. ഈ സ്ത്രീ ‘എംഫിസെമ’ എന്ന രോഗം മൂലം ചികിത്സയിലായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. മുമ്പുണ്ടായിരുന്ന പല രോഗാവസ്ഥകളും കൊറോണ വൈറസ് കൂടുതല്‍ അപകടത്തിലാക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഈ ആഴ്ച ആദ്യം ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍റ് കൗണ്ടിയില്‍ മരണമടഞ്ഞ വ്യക്തി കൊവിഡ്-19 ന് പോസിറ്റീവ് ആയിരുന്നുവെന്ന് കൗണ്ടി എക്സിക്യൂട്ടീവ് വക്താവ് സ്ഥിരീകരിച്ചു. ആ വ്യക്തിക്ക് 64 വയസ്സായിരുന്നു പ്രായം. മരണത്തിന് കാരണമായേക്കാവുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് റോക്ക്‌ലാന്‍റ് കൗണ്ടി ചീഫ് മെഡിക്കല്‍ എക്സാമിനര്‍ ഡോ. ലോറ കാര്‍ബോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
ടെലിഹെല്‍ത്ത് സന്ദര്‍ശനങ്ങള്‍ക്കുള്ള കോപേയ്മെന്‍റുകള്‍ എഴുതിത്തള്ളാന്‍ സംസ്ഥാനത്തെ ഇന്‍ഷുറന്‍സ് കമ്പനികളോട് നിര്‍ദ്ദേശിക്കുമെന്ന് ഗവര്‍ണ്ണര്‍ ക്യൂമോ ശനിയാഴ്ച രാവിലെ ടെലികോണ്‍ഫറന്‍സില്‍ അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ സ്കൂള്‍ ജില്ലയുള്ള സംസ്ഥാനമായ ന്യൂയോര്‍ക്കില്‍ സ്കൂളുകള്‍ അടയ്ക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. സ്കൂള്‍ അടച്ചുപൂട്ടല്‍ പ്രാദേശിക അധികാരികളുടെ പരിധിയില്‍ വരുന്നതാണ്. എന്നിരുന്നാലും, ഒരു വ്യക്തിഗത സ്കൂള്‍ കമ്മ്യൂണിറ്റിയിലെ ഒരു അംഗം കൊവിഡ്-19 ന് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍, അണുവിമുക്തമാക്കുന്നതിന് കെട്ടിടം 24 മണിക്കൂര്‍ അടച്ചിടണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ആവശ്യപ്പെടും.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ വ്യാപകമായി സ്കൂള്‍ അടച്ചുപൂട്ടല്‍ നടത്താന്‍ മടിക്കുന്നു. കാരണം, നഗരവാസികളില്‍ നല്ലൊരു പങ്കും സൗജന്യമോ കുറഞ്ഞതോ ആയ ഭക്ഷണം പോലുള്ള സാമൂഹിക സേവനങ്ങള്‍ക്കായി സ്കൂളുകളെ ആശ്രയിച്ചിരിക്കുന്നു.
ന്യൂയോര്‍ക്ക് ടൈംസിന്റെ ഡാറ്റാ പ്രകാരം ന്യൂയോര്‍ക്കില്‍ ഇപ്പോള്‍ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ കൊവിഡ്-19 രോഗികളുണ്ട്. സെന്‍റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള ഔദ്യോഗിക ഡാറ്റ സൂചിപ്പിക്കുന്നത് വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ കൂടുതല്‍ കേസുകളുണ്ടെന്നാണ്.
കൊവിഡ്-19 ന്റെ പേരില്‍ ഉണ്ടാകുന്ന തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്കായി ഏഴു ദിവസത്തെ കാത്തിരിപ്പ് കാലാവധി ഒഴിവാക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത് സ്വയം നിരീക്ഷണവിധേയരാകുന്നവര്‍ നേരിട്ടേക്കാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുമെന്നു മാത്രമല്ല, ഇന്‍ഷ്വറന്‍സ് ഇല്ലാത്ത നിരവധി തൊഴിലാളികള്‍ക്ക് സഹായകമാകുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
കൊവിഡ്-19 പോസിറ്റീവ് കേസുകളുടെ എണ്ണം ഞങ്ങള്‍ എടുക്കുന്ന ടെസ്റ്റുകളുടെ എണ്ണത്തിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഗവര്‍ണ്ണര്‍ മുന്നറിയിപ്പ് നല്‍കി. ‘കൂടുതല്‍ പരിശോധനകള്‍ നടത്തുമ്പോള്‍ ആ എണ്ണം കൂടും. ഇന്ന് ന്യൂയോര്‍ക്കില്‍ 500 കൊറോണ വൈറസ് കേസുകള്‍ മാത്രമേ ഉള്ളൂവെന്ന് ആരും വിശ്വസിക്കേണ്ടതില്ല. കൊറോണ വൈറസ് ഉള്ള ആയിരക്കണക്കിന് ആളുകളുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം,’ അദ്ദേഹം പറഞ്ഞു.
മൊയ്തീന്‍ പുത്തന്‍ചിറ