ഒക് ലഹോമ: ആറാഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യ നിരോധിക്കുന്ന ബില്‍ ഒക് ലഹോമ സെനറ്റ് പാസാക്കി. മാര്‍ച്ച് 12 നു സെനറ്റില്‍ അവതരിപ്പിച്ച ബില്‍ മുപ്പത്തിയാറ് വോട്ടുകളോടെയാണ് പാസാക്കിയത്. എട്ടു പേര് എതിര്‍ത്തു വോട്ട് ചെയ്തു.
ഹൃദയ സ്പന്ദനം ആരംഭിക്കുന്ന ആറ് ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണത്തെ നശിപ്പിക്കുന്നതില്‍ നിന്നും ഡോക്ടര്‍മാരെ വിലക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് പുതിയബില്‍.ഗര്‍ഭധാരണം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകുന്നത് ആറാഴ്ച പ്രായമാകുമ്പോഴാണ്. അതിനുശേഷം ഗര്‍ഭചിദ്രം അനുവദിക്കാനാവില്ല എന്നാണ് ബില്ലിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.
20 ആഴ്ച പ്രായമെത്തിയതിനുശേഷം ഗര്‍ഭചിദ്രം നിരോധിക്കുന്ന നിയമം ഒക് ലഹോമയില്‍ നിലവിലുണ്ട്. സെനറ്റ് വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ ബില്‍ ഇനിയും ചില കടമ്പകള്‍ കൂടി ക്കടക്കാനുണ്ട്. സെനറ്റ് പാസാക്കിയതിനുശേഷം ഒക് ലഹോമ ഹൗസും അതിനു ശേഷം ഗവര്‍ണറും അംഗീകരിച്ചാല്‍ മാത്രമേ ബില്‍ നിയമമാകൂ.
പി.പി. ചെറിയാൻ