ന്യൂജേഴ്‌സി: മദര്‍ തെരെസ്സാ സിസ്‌റ്റേഴ്‌സ് കോണ്‍ഗ്രിഗേഷന്‍ മിഷിനറി ഓഫ് ചാരിറ്റീസിന്റെ ആഭിമുഖ്യത്തില്‍ മന്‍ഹാട്ടനിലെ ഷെല്‍ട്ടറില്‍ കഴിയുന്ന അമ്പതില്‍ പരം ഭവന രഹിതര്‍ക്ക് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. ജനുവരി നാലിനായിരുന്നു വ്യത്യസ്ഥമായ ആഘോഷം.

ഷെല്‍ട്ടറില്‍ കഴിഞ്ഞിരുന്ന 50 ല്‍ പരം ഭവനരഹിതരെ മിഷിനറി ഓഫ് ചാരിറ്റി സുപ്പീരിയര്‍ സിസ്റ്റര്‍ ഈവ ശാലിനിയുടെ നേതൃത്വത്തില്‍ ന്യൂജേഴ്‌സിയിലുള്ള നാറ്റിവിറ്റി ഓഫ് അവര്‍ ലോഡ് ചര്‍ച്ചില്‍ കൊണ്ടു വന്നായിരുന്നു ആഘോഷങ്ങള്‍ ആരംഭിച്ചത്.

ഇടവക ചുമതല വഹിക്കുന്ന ഫാ പോളി തെക്കന്‍ വിശുദ്ധ ബലിയര്‍പ്പിച്ചതിന് ശേഷം എല്ലാവരും പാരിശ് ഹാളില്‍ എത്തിചേര്‍ന്നു. തുടര്‍ന്ന് ചര്‍ച്ചിലെ നൈറ്റ് ഓഫ് കൊളംബസ്, യൂത്ത് ഗ്രൂപ്പ് എന്നിവര്‍ വിവിധ ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിച്ചത്. ഭവനരഹിതര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. ചര്‍ച്ച് ഗായക സംഘത്തിന്റേയും ഗാനങ്ങള്‍ ആസ്വദിച്ചതിന് ശേഷം എല്ലാവര്‍ക്കും ക്രിസിതുമസ് ഗിഫ്റ്റുകള്‍ വിതരണം ചെയ്തു. പാരിഷ് അംഗങ്ങള്‍ രുചികരമായ ഉച്ചഭക്ഷണവും തയ്യാറാക്കിയിരുന്നു.

ജനിക്കുവാന്‍ സ്വന്തമായി ഒരു ഭവനം പോലും ലഭിക്കാതെ പശുതൊഴുത്തില്‍ ജനിച്ച ഉണ്ണിയേശുവിനെ ഒരു നോക്ക് കാണുന്നതിന് കിഴക്ക് നിന്നാണ് വിദ്വാന്മാര്‍ എത്തിയത്. ക്രിസ്തുമസ്സിന്റെ സന്ദേശം പൂര്‍ണ്ണമാക്കപ്പെടുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയായിരിക്കണമെന്ന് ഫാ പോളി തെക്കന്‍ പറഞ്ഞു. വിദ്വാന്മാര്‍ക്ക് ലഭിച്ച വെളിച്ചം ഉദ്ദിഷ്ഠ സ്ഥാനത്തെത്തിച്ചത് പോലെ നമ്മുടെ ജീവിതത്തെ ലക്ഷ്യസ്ഥാനത്തേക്കെത്തിക്കണമെങ്കില്‍ ക്രിസ്തുവാകുന്ന വെളിച്ചം നമുക്ക് വഴികാട്ടിയായി മാറണമെന്ന് അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *