മതനിന്ദ ആരോപിച്ച് പാകിസ്ഥാനിലെ മുള്‍ട്ടാനിലെ ബഹാവുദ്ദീന്‍ സക്കറിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ജുനൈദിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഹഫീസിനെതിരെ 2013 മാര്‍ച്ച് 13 ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ എഴുതിയെന്ന കുറ്റത്തിനാണ് പാക് കോടതി ശനിയാഴ്ച വധശിക്ഷയ്ക്ക് വിധിച്ചത്.

പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാന്‍ നഗരത്തിലെ ബഹാവുദ്ദീന്‍ സക്കറിയ യൂണിവേഴ്‌സിറ്റിയിലെ (ബിസിയു) ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തിലെ ഗസ്റ്റ് ലക്ചറര്‍ ആണ് ജുനൈദ് ഹഫീസ്.

പാക്കിസ്താന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 295സി പ്രകാരമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാശിഫ് ഖയ്യൂം വധശിക്ഷ വിധിക്കുകയും അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തതെന്ന് വാര്‍ത്തയില്‍ പറയുന്നു. ഹഫീസിന്റെ അഭിഭാഷകന്‍ റാഷിദ് റഹ്മാനെ 2014 ല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് വെടിവച്ചു കൊന്നിരുന്നു.

ഹഫീസിന്റെ കേസ് ഏറ്റെടുക്കുന്ന അഭിഭാഷകര്‍ക്ക് വധ ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട്. റാഷിദ് റഹ്മാന്റെ കൊലപാതകത്തിനുശേഷം മുല്‍ത്താനിലെ പുതിയ സെന്‍ട്രല്‍ ജയിലിലെ അള്‍ട്രാ സേഫ് വാര്‍ഡിലാണ് ഹഫീസിനെ പാര്‍പ്പിച്ചത്.

കേസ് 2014 ല്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒന്‍പതോളം ജഡ്ജിമാരെ മാറ്റിയിരുന്നു. ആകെ 19 സാക്ഷികളെ വിസ്തരിച്ചിക്കുകയും ചെയ്തു.

കോടതിയുടെ വിധിന്യായത്തില്‍, എല്ലാ ശിക്ഷകളും ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നു പറയുന്നു. മതനിന്ദയുടെ കേസില്‍ കോടതിക്ക് വിശാലമായ വീക്ഷണം സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ പ്രതിക്ക് 382ബി വകുപ്പ് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്നും, ഇസ്ലാമിലും അത് അനുവദനീയമല്ലെന്നും പറയുന്നു. അതേസമയം, തന്റെ കക്ഷിയെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു എന്ന് അഭിഭാഷകന്‍ പറഞ്ഞു.

വധശിക്ഷയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ആറ് വര്‍ഷമായി ഹാഫിസിനെ പ്രത്യേക ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഹഫീസിനെ അടച്ച ജയിലിനുള്ളില്‍ ശനിയാഴ്ച വാദം കേള്‍ക്കുകയായിരുന്നു.

പാക്കിസ്താനില്‍ വിവാദ മതനിന്ദ നിയമപ്രകാരം അല്ലാഹുവിനെയും ഇസ്ലാമിനെയും മതവിശ്വാസികളെയും അപമാനിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥയുണ്ട്.

നേരത്തെ, 2011 ല്‍, പഞ്ചാബ് ഗവര്‍ണറെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയിരുന്നു. മതനിന്ദ ആരോപിച്ച ക്രിസ്ത്യന്‍ യുവതി ആസിയ ബീബിയെ സംരക്ഷിച്ചതിനാണ് ഗവര്‍ണ്ണറെ കൊന്നത്.

2011 ല്‍ ഫേസ്ബുക്കില്‍ മതനിന്ദാ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് ഹഫീസിനെ അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് അദ്ദേഹം മുള്‍ട്ടാനിലെ ഒരു യൂണിവേഴ്‌സിറ്റി ഗസ്റ്റ് ലക്ചററായിരുന്നു.

മൊയ്തീന്‍ പുത്തന്‍ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *