ഹ്യൂസ്റ്റണ്‍: 2020 ജനുവരി മുതല്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് റോബോട്ടിക് കമ്പനിയായ ന്യൂറോയുടെ സഹകരണത്തോടെ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുപയോഗിച്ച് പലചരക്ക് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം പരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

2011 മുതലാണ് വാള്‍മാര്‍ട്ട് പലചരക്ക് വിതരണ ബിസിനസിലേക്ക് തങ്ങളുടെ ശൃംഖല വ്യാപിപ്പിച്ചത്. തന്നെയുമല്ല, പലചരക്ക് സാധനങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തതും വാള്‍മാര്‍ട്ടാണ്.

മുമ്പ് കമ്പനി വാഹനങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചിരുന്ന കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വാള്‍മാര്‍ട്ട് ഈ പുതിയ പദ്ധതി ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള ഒരു വാള്‍മാര്‍ട്ട് സ്റ്റോറില്‍ പരീക്ഷിക്കും. ജനസംഖ്യാനുപാദമനുസരിച്ച് അമേരിക്കയിലെ നാലാമത്തെ വലിയ നഗരമാണ് ഹ്യൂസ്റ്റണ്‍.

വാള്‍മാര്‍ട്ടിന്റെ ഈ പുതിയ ദൗത്യം പണം ലാഭിക്കാന്‍ ജനങ്ങളെ സഹായിക്കുകയെന്നതിനാല്‍ അവര്‍ക്ക് മികച്ച രീതിയില്‍ ജീവിക്കാന്‍ കഴിയുമെന്ന് ന്യൂറോ പ്രതികരിച്ചു. വാള്‍മാര്‍ട്ടിന്‍റെ ഉപഭോക്താക്കളോടുള്ള സമര്‍പ്പണം മെച്ചപ്പെട്ട സൗകര്യത്തിലൂടെയും ആനന്ദകരമായ അനുഭവത്തിലൂടെയും ദൈനം‌ദിന ജീവിതത്തിനായി റോബോട്ടിക്സിന്റെ സേവനം ത്വരിതപ്പെടുത്തുകയെന്ന ന്യൂറോയുടെ ദൗത്യവുമായി യോജിക്കുന്നുവെന്ന് കമ്പനി വക്താവ് പറഞ്ഞു.

ഹ്യൂസ്റ്റണിലെ 9700 ഹില്‍‌ക്രോഫ്റ്റ് സ്‌ട്രീറ്റിലെ വാള്‍മാര്‍ട്ട് ലൊക്കേഷനില്‍ ഈ സേവനം ലഭ്യമാകുമെന്ന് വാള്‍മാര്‍ട്ടിന്‍റെ വക്താവ് പറഞ്ഞു. 77096, 77035, 77401 എന്നീ പിന്‍ കോഡുകളില്‍ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള്‍ പലചരക്കുകള്‍ വിതരണം ചെയ്യുമെന്നും വക്താവ് പറഞ്ഞു. ഈ മൂന്ന് പിന്‍ കോഡുകള്‍ ഹാരിസ് കൗണ്ടിയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന റൈസ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള പ്രദേശവും ഉള്‍പ്പെടും.

77035 പിന്‍ കോഡ് ഡെലിവറി ഏരിയയുടെ ഒരു ഭാഗം പുതിയതും ആരോഗ്യകരവുമായ ഭക്ഷണം ലഭ്യമാകാത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് ഹ്യൂസ്റ്റണ്‍ ഏരിയ ഫുഡ് ആക്സസ് അനാലിസിസ് ടൂള്‍ പറയുന്നു. ഹ്യൂസ്റ്റണ്‍ പ്രദേശത്തെ ഏകദേശം 250,000 പേര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമല്ല. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്ത 23.5 ദശലക്ഷം അമേരിക്കക്കാരുടെ ഒരു ഭാഗം മാത്രമാണ്. സാധാരണഗതിയില്‍, ഈ പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ വംശീയ ന്യൂനപക്ഷങ്ങളും ദേശീയ ശരാശരിയേക്കാള്‍ വരുമാനം കുറവുള്ളവരുമാണ്.

ന്യൂറോയുമായുള്ള ഡെലിവറി പ്രോഗ്രാമിനെ സംബന്ധിച്ചിടത്തോളം, ഇത് ഉപയോഗപ്രദമാക്കാന്‍ എത്രമാത്രം ചെലവു വരുമെന്ന് വാള്‍മാര്‍ട്ട് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വാള്‍മാര്‍ട്ട് വക്താവ് പറഞ്ഞു.

‘പലചരക്ക് പിക്കപ്പ്, ഡെലിവറി എന്നിവയിലൂടെ ഞങ്ങള്‍ ഇതിനകം തന്നെ വാള്‍മാര്‍ട്ടിന്‍റെ ഏറ്റവും മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു’, വാള്‍മാര്‍ട്ട് യുഎസിനായുള്ള ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളുടെ സീനിയര്‍ വൈസ് പ്രസിഡന്റിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. ‘സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനത്തിന്റെ ശേഷി പരീക്ഷിക്കുന്നതിലൂടെ സ്വയം ഡ്രൈവിംഗ് സാങ്കേതിക വിദ്യ ഞങ്ങളെ പുതിയൊരു തലത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ന്യൂറോ പറയുന്നതനുസരിച്ച്, ഈ സേവനം തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് സ്വയം ഡ്രൈവിംഗ് ഡെലിവറികള്‍ പരീക്ഷിക്കാന്‍ കഴിയും.

ന്യൂറോയുമായുള്ള വാള്‍മാര്‍ട്ടിന്‍റെ സഹകരണം ഒരു തരത്തിലും സ്വയം ഡ്രൈവ് ഡെലിവറിയിലേക്കുള്ള കമ്പനിയുടെ ആദ്യ സം‌രംഭമല്ലെന്ന് ടെക്‌ക്രഞ്ച് പറയുന്നു. ഇതിനു മുന്‍പ് പോസ്റ്റ്മേറ്റ്സ്, ഫോര്‍ഡ് മോട്ടോര്‍ കമ്പനി, ഉഡെല്‍‌വ് എന്നിവയുള്‍പ്പെടെ മറ്റു കമ്പനികളുമായി പല സംസ്ഥാനങ്ങളിലും പലചരക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഈ രീതി പരീക്ഷിക്കാന്‍ വാള്‍മാര്‍ട്ട് ശ്രമിച്ചിരുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *