ന്യൂയോര്‍ക്ക് സിറ്റിയില്‍ ക്രിസ്മസ് ഉത്സവകാലത്തിന് തുടക്കം കുറിച്ച് മന്‍ഹട്ടനിലെ റോക്ക്ഫെല്ലര്‍ പ്ലാസയില്‍ കൂറ്റന്‍ ക്രിസ്മസ് ട്രീ പ്രകാശിപ്പിച്ചു. 35 ഡിഗ്രി ഫാരന്‍ഹീറ്റിലെ തണുത്ത കാലാവസ്ഥയെ വക വെക്കാതെ പതിനായിരങ്ങള്‍ ഇത്തവണയും ക്രിസ്മസ് ട്രീ പ്രകാശിപ്പിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. റോക്ക്ഫെല്ലര്‍ പ്ലാസയില്‍ ഇത് 87-ാം തവണയാണ് ക്രിസ്മസ് ട്രീ തെളിയികികുന്ന ചടങ്ങ് നടക്കുന്നത്. രാജ്യത്തിന്‍റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റാത്ത ഈ ചടങ്ങ് 1931ലാണ് ആരംഭിച്ചത്. വൈകിട്ട് ഏഴ് മണിക്ക് പ്രശസ്ത കലാപ്രതിഭകളുടെ കലാവിരുന്നോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങിനു ജോണ്‍ ലെജണ്ട്, ജൂലിയാനി ഹോഗ്, ജോര്‍ഡന്‍ ഫിഷര്‍, സ്റ്റെഫനി തുടങ്ങിയവരുടെ പ്രകടനങ്ങള്‍ കൊഴുപ്പേകി.
ന്യൂയോര്‍ക്ക് അപ്പ്സ്റ്റേറ്റിലെ ഫ്ളോറിഡയില്‍ നിന്നാണ് ഇത്തവണത്തെ ക്രിസ്മസ് ട്രീ കൊണ്ടു വന്നത്. ഏതാണ്ട് 70 വര്‍ഷം പ്രായമുള്ള, 77 അടി ഉയരമുള്ള ഈ ട്രീ സംഭാവന ചെയ്തത് കാരള്‍ സ്കൂള്‍സ് ആണ്. വിവിധ വര്‍ണ്ണങ്ങളിലുള്ള 50000ലധികം എല്‍.ഇ.ഡി. ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ട്.
ഏറ്റവും മുകളിലുള്ള മൂന്ന് മില്യണ്‍ ക്രിസ്റ്റലുകള്‍ കൊണ്ട് നിര്‍മ്മിച്ച 9 അടി വീതിയിലുള്ള നക്ഷത്രം ഏറെ മാറ്റു കൂട്ടുന്നു. അമേരിക്കയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്രിസ്മസ് ട്രീയാണിത്.
രാവിലെ 6 മുതല്‍ രാത്രി 12 വരെ, പുതിയ വര്‍ഷം ജനുവരി 7 വരെ ക്രിസ്മസ് ട്രീ പ്രകാശിച്ചു കൊണ്ടിരിക്കും. ക്രിസ്മസ് ദിനമായ ഡിസംബര്‍ 25ന് മുഴുവന്‍ സമയവും ബള്‍ബുകള്‍ പ്രകാശിക്കും.
ന്യൂയോര്‍ക്ക് സിറ്റി സന്ദര്‍ശിക്കുന്നവരുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഈ ക്രിസ്മസ് ട്രീ. പ്രതിദിനം 800,000 ഓളം പേര്‍ ക്രിസ്മസ് ട്രീ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മന്‍ഹട്ടനില്‍ 49, 50 എന്നീ സ്ട്രീറ്റുകള്‍ക്കും അഞ്ച്, ആറ് അവന്യുകള്‍ക്കും ഇടയിലാണ് റോക്ക് ഫെല്ലര്‍ പ്ലാസ സ്ഥിതി ചെയ്യുന്നത്.
1999-ല്‍ ഉയര്‍ത്തിയ 100 അടി ഉയരമുള്ള ക്രിസ്മസ് ട്രീയായിരുന്നു റോക്ക്ഫെല്ലര്‍ പ്ലാസയിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ. കണക്ടിക്കട്ടിലെ കില്ലിംഗ് വര്‍ത്തില്‍ നിന്നാണ് അത് കൊണ്ടു വന്നത്.
സുശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ന്യൂൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗീവറുഗീസ് ചാക്കോ