വാട്ടര്‍ടൗണ്‍ (കണക്റ്റിക്കട്ട്): 15 വയസ്സുള്ള ഡെല്ല ജെറ്റ, സ്റ്റെര്‍ലിംഗ് ജറ്റ (16) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഇവരുടെ മാതാവിന്റെ കാമുകന്‍ സ്വയം വെടിവെച്ച് മരിച്ചു. മാതാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഡിസംബര്‍ 3 ചൊവ്വാഴ്ച രാത്രി പത്ത് മണിക്കായിരുന്നു സംഭവം. വാട്ടര്‍ ടൗണിനെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നുവത്.

പോള്‍ ഡബ്ലിയു ഫെര്‍ഗുസന്‍ വീട്ടിനകത്ത് സിഗററ്റ് വലിക്കുന്നതിനെതിരെ ഡെല്ല മാതാവിനോട് പരാതി പറഞ്ഞതാണ് പോളിനെ പ്രകോപിപ്പിച്ചത്.

രണ്ടാഴ്ച മുമ്പാണ് പോള്‍ വാട്ടര്‍ടൗണിലുള്ള ഇവരുടെ വീട്ടിലേക്ക് താമസം മാറ്റിയത്. ഡെല്ലയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബുധനാഴ്ച വാട്ടര്‍ടൗണ്‍ പോലീസ് ചീഫിന്റെ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കുട്ടികളുടെ മാതാവാണ് പോലീസില്‍ വിളിച്ച വിവരം അറിയിച്ചത്. ആദ്യം വെടിയേറ്റത് ഡെല്ലക്കായിരുന്നു. തുടര്‍ന്നാണ് സഹോദരന്‍ സ്റ്റര്‍ലിംഗിനേയും പോള്‍ വെടിവെച്ചത്. പോലീസ് എത്തിയപ്പോള്‍ പോള്‍ റൂമില്‍ കയറി വാതിലടച്ചു. പിന്നീട് തലക്ക് നേരെ സ്വയം വെടിയുതിര്‍ത്ത് ആതമഹത്യ ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ട ഡെല്ലയും, സ്റ്റെര്‍ലിംഗും വാട്ടര്‍ബറി കൈന്നര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഇരുവരും സ്‌ക്കൂളിലെ സോക്കര്‍, ബാസ്‌കറ്റ്‌പോള്‍ ടീമംഗങ്ങളാണ്. കുട്ടികളുടെ പിതാവ് 2016 ല്‍ ആത്മഹത്യ ചെയ്തിരുന്നു. പോള്‍ പല കേസ്സുകളിലും പ്രതിയാണ്. ഇയ്യാള്‍ക്ക് തോക്ക് കൈവശം വെക്കാന്‍ അനുമതിയില്ലായിരുന്നു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *