നോര്‍ത്ത് കരോലിന: ഓക്‌സിജന്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ സിഗരറ്റിനു തീകൊളുത്തിയ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള അറുപത്തിയൊന്നു വയസ്സുകാരി ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ശരീരമാസകലം പൊള്ളലേറ്റു മരിച്ചു.

ഡിസംബര്‍ 3 ചൊവ്വാഴ്ചയായിരുന്നു സംഭവം. ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഭര്‍ത്താവ് ഓടിയെത്തിയത്. സാരമായി പരിക്കേറ്റ ഭാര്യയ്ക്കു പ്രഥമ ശുശ്രൂഷ നല്‍കിയശേഷം പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആധുനിക ശാസ്ത്രസാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുന്നത് അപൂര്‍വ്വമാണെന്നാണ് നാഷ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചത്.

ഓക്‌സിജന്‍ സിലിണ്ടറിന്റെ റെഗുലേറ്ററിനു ചുറ്റും അഴുക്ക് അടിഞ്ഞുകൂടി അവിടെ നിന്നും ലീക്ക് ചെയ്യുന്ന ഓക്‌സിജനായിരിക്കും തീപിടിക്കുന്നതിനു കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.

2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 311 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 164 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിവര്‍ഷം 70 പേര്‍ ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാഷണല്‍ ഫയര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ അറിയിച്ചത്. ഓക്‌സിജന്‍ സിലിണ്ടറിനു സമീപം പുകവലിക്കുന്നത് ഒഴിവാക്കുകയാണ് അപകടമൊഴിവാക്കാനുള്ള ഏക മാര്‍ഗ്ഗം.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *