ഹര്‍ലിന്‍ (ന്യുയോര്‍ക്ക്): അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ അലീലിയ മര്‍ഫി 114–ാം വയസ്സില്‍ അന്തരിച്ചു. അലീലിയാ മര്‍ഫിയുടെ മകള്‍ അംഗമായ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ് യൂണിയനാണ് ബുധനാഴ്ച മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

1905 ലായിരുന്നു മര്‍ഫിയുടെ ജനനം. നോര്‍ത്ത് കാരലൈനായില്‍ ജനിച്ച ഇവര്‍ 1920 ലാണ് ന്യുയോര്‍ക്കിലേക്ക് താമസം മാറിയത്. മരിക്കുമ്പോള്‍ 114 വയസ്സും 140 ദിവസവുമായിരുന്നു പ്രായം.

2019 ജൂലൈയ് 6 നായിരുന്നു മര്‍ഫിയുടെ 114–ാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചത്. ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വീല്‍ചെയറിലാണ് ഇവര്‍ എത്തിയത്. ദൈവത്തിലുള്ള ആഴമായ വിശ്വാസമാണ് തന്റെ ദീര്‍ഘായുസ്സിന് കാരണമെന്ന് മര്‍ഫി വ്യക്തമാക്കിയിരുന്നു. ഒരിക്കല്‍പോലും ആല്‍ക്കഹോള്‍ ഉപയോഗിക്കാത്തതും മറ്റൊരു കാരണമാണ്. ഈ വര്‍ഷം ജനുവരിയില്‍ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ഒഹായോവില്‍ നിന്നുള്ള ലെസ്സി ബ്രൗണ്‍ (114) മരിച്ചതോടെയാണ് ആ സ്ഥാനം മര്‍ഫിക്ക് ലഭിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന വ്യക്തി ജപ്പാനില്‍ നിന്നുള്ള കെയ്ന്‍ തനാക്കയാണ് പ്രായം 116.

മര്‍ഫി സമൂഹത്തിനു ചെയ്ത സേവനങ്ങളെ ന്യുയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ ബ്രയാന്‍ ബെഞ്ചമിന്‍ അനുസ്മരിച്ചു. ഫ്യൂണറല്‍ ഡിസംബര്‍ 6 ന് ഹര്‍ലീനിലുള്ള യുനൈറ്റഡ് ഹൗസ് ഓഫ് പ്രെയറില്‍ വെച്ചു നടക്കും.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *