ന്യൂയോര്‍ക്ക്: രാജ്യസ്നേഹം അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന വെറ്ററന്‍സ് ദിന പരേഡില്‍ – തിങ്കളാഴ്ച അമേരിക്കന്‍ സായുധ സേനാംഗങ്ങളേയും, രാജ്യത്തിനു വേണ്ടി പടപൊരുതിയ മുന്‍ സേനാംഗങ്ങളേയും ന്യൂയോര്‍ക്ക് സിറ്റി ആദരപൂര്‍വ്വം അഭിവാദ്യം ചെയ്തു.
മന്‍ഹട്ടനിലെ 24-ാം സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന മാഡിസണ്‍ സ്ക്വയര്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച് അവന്യു അഞ്ചിലൂടെ 46-ാം സ്ട്രീറ്റില്‍ സമാപിച്ച വെറ്ററന്‍സ് ദിന പരേഡില്‍ ഏതാണ്ട് 20000-ലധികം പേര് പങ്കെടുത്തു.
ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവയെ പ്രതിനിധീകരിച്ച് 3000-ഓളം സജീവ സേവനത്തിലുള്ള സേനാംഗങ്ങളും 1500ഓളം ദേശീയ ഗാര്‍ഡ് അംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങളുടെ ഒരു മിശ്രിതമായിരുന്നു എവിടേയും. അമേരിക്കന്‍ ദേശീയ പതാകകളുമായി അവന്യു അഞ്ചിന് ഇരുവശത്തും ആയിരങ്ങള്‍ സ്ഥാനം പിടിച്ചിരുന്നു.
വെറ്ററന്‍സ് ദിന പരേഡിന്റെ ശതാബ്ദി വര്‍ഷമായിരുന്നു ഇത്തവണ.
മാഡിസണ്‍ സ്ക്വയര്‍ പാര്‍ക്കില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരേഡ് കിക്കോഫ് ചെയ്തു. പ്രഥമ വനിത മെലനായി ട്രമ്പും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു പ്രസിഡന്റ് പദവിയിലിരിക്കെ വെറ്ററന്‍സ് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ പ്രസിഡന്റാണ് ട്രമ്പ്.
ഹൈസ്ക്കൂള് – കോളേഡ് ബാന്‍ഡുകളും ഫ്ളോട്ടുകളും മിലിട്ടറി വാഹനങ്ങളും പരേഡിന് കൊഴുപ്പേകിയിരുന്നു.
യുണൈറ്റഡ് പാര് വെറ്ററന്‍സ് കൗണ്‍സിലാണ് പരേഡ് സംഘടിപ്പിച്ചത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലും വൈറ്ററന്‍സ് ദിന പരേഡുകള്‍ സംഘടിപ്പിച്ചിരുന്നു.
ഗീവറുഗീസ് ചാക്കോ