ഫിലാഡല്‍ഫിയാ: മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) സീനിയര്‍ മെമ്പറും, വര്‍ഷങ്ങളായി മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ ചുമതലക്കാരനുമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് ജോണിന്റെ (കുഞ്ഞച്ചന്‍) എണ്‍പതാം ജന്മദിനാഘോഷവും, അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനുള്ള മാപ്പ് കുടുംബത്തിന്റെ ആദരവും നവംബര്‍ 2 ന് ശനിയാഴ്ച വൈകിട്ട് ആറരമണിയ്ക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വിപുലമായി കൊണ്ടാടി.

മാപ്പ് കുടുംബാഗങ്ങളും, ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ആഘോഷ ചടങ്ങ് ബ്രദര്‍ സണ്ണി എബ്രഹാമിന്റെ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന്, അസോസിയേഷന്‍ സെക്രട്ടറി തോമസ് ചാണ്ടി സ്വാഗതം അരുളുകയും, ഫിലിപ്പ് ജോണിനെയും, അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ആലീസിനെയും വേദിയിലേക്ക് ക്ഷണിയ്ക്കുകയും ചെയ്തു.

ഈ എണ്‍പതാം വയസ്സിലും യുവത്വത്തിന്റെ ചുറുചുറുക്കോടും പ്രസരിപ്പോടും കൂടി മാപ്പിനെ സ്വന്തം കുടുംബം പോലെ സ്‌നേഹിക്കുകയും, സേവിക്കുകയും ചെയ്യുന്നതിന്റെ നന്ദി സൂചകമായി മാപ്പ് പ്രസിഡന്റ് ശ്രീ. ചെറിയാന്‍ കോശിയുടെ നേതൃത്വത്തില്‍ മാപ്പ് കുടുംബാഗങ്ങള്‍ ഒന്ന് ചേര്‍ന്ന് മാപ്പ് എക്‌സലന്‍സ് അവാര്‍ഡ് കുഞ്ഞച്ചായന് സമ്മാനിക്കുകയും, അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും, ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു.

തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍, മൂത്ത മകന്‍ ജോണ്‍ ഫിലിപ്പ് (ബിജു), മാപ്പ് പ്രസിഡന്റ് ശ്രീ. ചെറിയാന്‍ കോശി, മാപ്പ് മുന്‍ പ്രസിഡന്റുമാരായിരുന്ന ഡാനിയേല്‍ പി. തോമസ്, വര്‍ഗീസ് ഫിലിപ്പ്, ജോര്‍ജ്ജ് എം. മാത്യു, യോഹന്നാന്‍ ശങ്കരത്തില്‍, അനു സ്കറിയാ, ട്രഷറാര്‍ ശ്രീജിത്ത് കോമാത്ത്, പി.ആര്‍.ഓ. രാജു ശങ്കരത്തില്‍, സ്‌പോര്‍ട്ട്‌സ് ചെയര്‍മാന്‍ ശാലൂ പുന്നൂസ്, ആര്‍ട്ട്‌സ് ചെയര്‍മാന്‍ ലിജോ ജോര്‍ജ്ജ്, ഷാജി ജോസഫ്, ബാബു തോമസ് സ്റ്റാന്‍ലി ജോണ്‍, ജെയിംസ് പീറ്റര്‍ എന്നിവര്‍ ആശംസകര്‍പ്പിച്ചു സംസാരിച്ചു.

ആല്‍വിന്‍, ഐറിന്‍, നൈനാ എന്നീ കൊച്ചുമക്കള്‍ ചേര്‍ന്ന് കുടുംബവകയായുള്ള ഉപഹാരവും തദവസരത്തില്‍ സമ്മാനിച്ചു. തോമസ് കുട്ടി വര്‍ഗീസ്, അലന്‍ വര്‍ഗീസ് എന്നിവരുടെ ഗാനങ്ങളും ഹൃദ്യമായി. വന്നുചേര്‍ന്ന ഏവര്‍ക്കും ഫിലിപ്പ് ജോണും , ഇളയ മകന്‍ ബിനോയിയും ചേര്‍ന്ന് നന്ദി പറഞ്ഞു .

1939 നവംബര്‍ ഒന്നിന് കവുങ്ങുംപ്രയാര്‍, പുറമറ്റം കുരീക്കുട്ടുപാറയില്‍ പരേതരായ ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും നാലുമക്കളില്‍ ഏറ്റവും ഇളയവനായ ജനിച്ച ഇദ്ദേഹം 1991 ല്‍ ഫിലാഡല്‍ഫിയായില്‍ എത്തുകയും, ആ വര്‍ഷം മുതല്‍ മാപ്പില്‍ വിവിധ സ്ഥാനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്തു വരുന്നു. സൗഹൃദങ്ങള്‍ക്ക് ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന കുഞ്ഞച്ചന്‍ ഒരു വലിയ സൗഹൃദ വലയത്തിന് ഉടമകൂടിയാണ്. കാര്‍ഡോണ്‍ ഇന്‍ഡസ്ട്രീസ് സി.ഡി.സി സൂപ്പര്‍വൈസര്‍ ജോണ്‍ ഫിലിപ്പ് (ബിജു), ജെ.എന്‍.എസ് ഓട്ടോ ഷോപ്പ് ഉടമയും കാര്‍ ഡീലറുമായ ജോണ്‍ ചെറിയാന്‍ (ബിനോയ്) എന്നിവരാണ് മക്കള്‍. ജൂലിയറ്റ്, സോണിയാ എന്നീ രണ്ടു മരുമക്കളും , ആറ് കൊച്ചുമക്കളുമുണ്ട് അദ്ദേഹത്തിന്.

രാജു ശങ്കരത്തില്‍ എം.സി യായി നിന്നുകൊണ്ട് ക്രമീകരിച്ച ആഘോഷ പരിപാടികള്‍ , ബ്രദര്‍. തോമസ് ഡാനിയേലിന്റെ സമാപന പ്രാര്‍ത്ഥനയ്ക്കുശേഷം നടന്ന വിഭവ സമര്‍ത്ഥമായ ഡിന്നറോടുകൂടി അപര്യവസാനിച്ചു.

രാജു ശങ്കരത്തില്‍, (മാപ്പ് പിആര്‍ഒ)

By admin

Leave a Reply

Your email address will not be published. Required fields are marked *