ഹൂസ്റ്റൺ : ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിയ പിറവം മുനിസിപ്പാലിറ്റി ചെയർമാനും കേരളം മുൻസിപ്പാലിറ്റി അസോസിയേഷന്റെ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ സാബു.കെ ജോസഫിന് ഹൂസ്റ്റണിൽ സൗത്ത് ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയ പ്രൗഡഗംഭീരമായ ചടങ്ങിൽ ഊഷ്മള സ്വീകണം നൽകി.

ഫെബ്രുവരി 18 നു ചൊവ്വാഴ്ച്ച വൈകുന്നേരം സ്റ്റാഫ്‌ഫോർഡിലുള്ള സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് ജോർജ് കോളച്ചേരിൽ അദ്ധ്യക്ഷത വചിച്ചു,

പിറവം സ്വദേശിയും പിറവത്തെ ജനോപകാരപ്രവർത്തനങ്ങളിൽ പങ്കാളിയുമായ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ ബേബി മണക്കുന്നേൽ സാബുവിനെ സദസ്സിനു പരിചയപ്പെടുത്തി. പിറവം നഗരസഭയുടെ പ്രഥമ അദ്ധ്യക്ഷനാകുന്നതിന് മുമ്പ് അഞ്ചു വർഷം പിറവം പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്ന സാബു ഏറ്റവുമടുത്ത്‌ തന്നെ പിറവം എം.എൽ.എ യായി നിയമസഭയിൽ കരുത്തു തെളിയിക്കുമെന്നും ബേബി പ്രത്യാശ പ്രകടിപ്പിച്ചു.

പിറവം നഗരസഭയിൽ നടപ്പാക്കിയ ജനോപകാരപ്രദമായ വിവിധ വികസന പ്രവർത്തനങ്ങളും നിർധനരും വിധവകളുമായ അമ്മമാരെ ആദരിക്കുന്ന “അമ്മയോടൊപ്പം” പരിപാടിയും അദ്ദേഹത്തിന്റെ സംഘാടക മികവും കണക്കിലെടുത്ത് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രത്യേക പുരസ്‍കാരവും പൊന്നാടയും നൽകി അദ്ദേഹത്തെ ആദരിച്ചു. കഴിഞ്ഞ 8 വർഷമായി ജനുവരി മാസം പിറവത്ത് നടന്ന് വരുന്ന ‘അമ്മയോടൊപ്പം’ ജനകീയ പരിപാടിയിൽ ഈ വര്ഷം 1000ൽ പരം നിർധനരായ വിധവമാരെയാണ് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകി ആദരിച്ചത്.

മറുപടി പ്രസംഗത്തിൽ നഗരപിതാവ്, പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ കഴിഞ്ഞ 9 വർഷമായി ചെയ്ത ജനോപകാരപ്രദമായ കാര്യങ്ങൾ സാബു സവിസ്തരം സദസ്സിനോട് വിവരിച്ചു. ഭാര്യ പ്രീതി ജേക്കബിനോടൊപ്പമാണ് സബ് ജേക്കബ് യോഗത്തിൽ പങ്കെടുത്തത്.

സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ചേംബർ ജനറൽ സെക്രട്ടറി ജോർജ് കാക്കനാട്ട്, വൈസ് പ്രസിഡന്റ് ജിജു കുളങ്ങര, ചേംബർ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സണ്ണി കാരിക്കൽ, സക്കറിയ കോശി, മാധ്യമ പ്രവർത്തകരായ എ.സി.ജോർജ്, ജീമോൻ റാന്നി, യു.എസ് പോലീസ് ഓഫീസറും മലയാളിയുമായ മനോജ് പൂപ്പാറ, തോമസ് ഒലിയാംകുന്നേൽ, പൊന്നു പിള്ള, തോമസ് ചെറുകര,രാജൻ പടവത്തിൽ,റോയ് ആന്റണി, സെബാസ്റ്റ്യൻ പാലാ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ജോർജ് കോളച്ചേരിൽ എം.സി.യായി പരിപാടികൾ നിയന്ത്രിച്ചു.

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *