ന്യുയോർക്ക്: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി ജീവിതയാത്രയിൽ 102 വർഷങ്ങൾ പിന്നിട്ട് ഇന്ന് 103 വയസ്സിലേക്ക് പ്രവേശിക്കുന്നു.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്, മലങ്കര സഭയുടെ ആത്മീയ ആചാര്യൻ, നർമ്മത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വാക്കുകളുടെ കലവറ, ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന സ്വർണ്ണനാവുകാരൻ, രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ച ബിഷപ്പ്, തുടങ്ങിയ അനേക സവിശേഷതകളുടെ നിറകുടമാണ് ഡോ.മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇന്ന് രാവിലെ 8.30 ന് തിരുവല്ലായിലെ കുമ്പനാട് ഫെല്ലോഷിപ്പ് മിഷൻ ഹോസ്പിറ്റലിലെ വലിയ മെത്രാപ്പോലീത്ത വിശ്രമിക്കുന്ന മുറിയിൽ വെച്ച് മാർത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന ശുശ്രുഷയും ജന്മദിനാശംസകളും മാർത്തോമ്മ സഭയുടെ പേരിൽ അർപ്പിക്കും.

ആഴമായ വിശ്വാസസത്യങ്ങൾ സാധാരണക്കാരിലേക്ക് സന്നിവേശിപ്പിക്കാൻ തൊടുത്തുവിടുന്ന ചക്രായുധമായിരുന്നു മാർ ക്രിസോസ്റ്റം തുറന്നുവിട്ട ചിരികളുടെ അലകൾ. മറന്നുപോയ ഒരു തലമുറയെ നർമ്മത്തിന്റെ പൊന്നാട അണിയിച്ച വലിയ ഇടയൻ എന്നാവും ചരിത്രം ഈ സുവർണ്ണനാവുകാരനെ അടയാളപ്പെടുത്തുക.

ഇന്ന് 103 വയസ്സിലേക്ക് പ്രവേശിക്കുന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ പ്രധമ ബിഷപ്പും കൂടിയായ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായ്‌ക്ക് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ജന്മദിന മംഗളാശംസകൾ അറിയിച്ചു.

ഷാജി രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *