പതിവ് പോലെ ഇത്തവണയും താങ്ക്സ് ഗിവിംഗ് ദിന പരേഡ് ആവേശമായി. തണുത്ത കാലാവസ്ഥയെ അതിജീവിക്കാനുള്ള വസ്ത്രങ്ങളും, തൊപ്പികളും, കമ്പിളി പുതപ്പുകളും അണിഞ്ഞ് പതിനായിരങ്ങള്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. പരേഡ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ പലരും പരേഡ് കടന്നു പോകുന്ന റോഡിനിരുവശങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.

കാറ്റു വീശിയടിക്കാനുള്ള സാദ്ധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ പ്രവചനം, പരേഡിന്‍റെ പ്രധാന ആകര്‍ഷകങ്ങളായ ഭീമാകാരമായ പല ബലൂണുകളേയും നിലത്തിറക്കുമെന്ന് ഭയന്നിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ ബലൂണ​ുകള്‍ നിയന്ത്രിച്ചവര്‍ പതിവിലും വളരെ താഴ്ത്തിയാണ് അത് പറത്തിയത്.

എല്ലാ വര്‍ഷവും താങ്ക്സ് ഗിവിംഗ് ദിനത്തില്‍ നടക്കുന്ന ഈ പരേഡാണ് ഹോളിഡേ സീസണ് തുടക്കം കുറിക്കുന്നത്. മെയ്സിസിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 93-ാമത് പരേഡായിരുന്നു ഇത്തവണത്തേത്. 1924-ലാണ് ഇത് ആരംഭിച്ചത്.

മന്‍ഹട്ടനിലെ സെന്‍ട്രല്‍ പാര്‍ക്കിന്‍റെ പടിഞ്ഞാറ്, 77 സ്ട്രീറ്റിനോട് ചേരുന്ന ഭാഗത്ത് നിന്നും രാവിലെ 9 മണിക്ക് ആരംഭിച്ച പരേഡ് 46 ബ്ലോക്കുകള്‍ പിന്നീട് മെയ്സിസിന്‍റെ പ്രധാന സ്റ്റോര്‍ സ്ഥിതി ചെയ്യുന്ന 34-ാം സ്ട്രീറ്റിലെ ഹെറാള്‍ഡ് സ്വകയറിലാണ് സമാപിച്ചത്.

8000-ഓളം പേര്‍ അണി നിരന്ന പരേഡില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാര്‍ച്ചിംഗ് ബാന്‍ഡുകളും രണ്ട് ഡസനോളം പ്ലോട്ടുകളും, പതിനാറോളം ബലൂണുകളും ഉണ്ടായിരുന്നു.

അസ്ടോണന്‍റ് സ്നൂപ്പിയടക്കം പുതിയ അഞ്ച് ബലൂണുകള്‍ ഇത്തവണയുണ്ടായിരുന്നു.

ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

ഗീവറുഗീസ് ചാക്കോ

By admin

Leave a Reply

Your email address will not be published. Required fields are marked *