വാഷിങ്ടന്‍ ഡിസി: ഡിഫോര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറവൈല്‍സ് പ്രോഗാമനുസരിച്ചു പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. മാത്രമല്ല രണ്ടു വര്‍ഷത്തേക്കു പുതുക്കി നല്‍കിയിരുന്നത് ഒരു വര്‍ഷമാക്കി കുറയ്ക്കാനും തീരുമാനിച്ചതായി ജൂലൈ 28 ന് വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി.

ഒബാമ ഭരണകൂടമാണ് ആദ്യമായി ഡാക്കാ പ്രോഗ്രാം നിയമമാക്കിയത്. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന ചെറിയ കുട്ടികള്‍ക്ക് അമേരിക്കയില്‍ തുടരുന്നതിനും തൊഴില്‍ ചെയ്യുന്നതിനുമുള്ള അവകാശമാണ് ഡാക്കയിലൂടെ ലഭിച്ചിരുന്നത്. ട്രംപ് അധികാരമേറ്റശേഷം ഈ പ്രോഗ്രാം നിര്‍ത്തലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവെങ്കിലും കോടതികളുടെ നിരന്തര ഇടപെടലുകള്‍ പൂര്‍ണ്ണമായും പ്രോഗ്രാം ഉപേക്ഷിക്കുന്നതില്‍ നിന്നും ട്രംപ് ഭരണകൂടത്തെ വിലക്കുകയായിരുന്നു. 2017 ലായിരുന്നു ട്രംപ് ഡാക്കാ പദ്ധതി അവസാനിപ്പിക്കുന്നതിനു തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തേക്കു കൂടി പുതുക്കി നല്‍കുന്നതിനും അനുമതി നല്‍കിയിരുന്നു.

പൊതുതിരഞ്ഞെടുപ്പ് നവംബറില്‍ നടക്കാനിരിക്കെ രണ്ടു വര്‍ഷമെന്നത് ഒരു വര്‍ഷത്തേക്കു പുതുക്കിയാല്‍ മതിയെന്നു ഗവണ്‍മെന്റ് തീരുമാനിക്കുകയായിരുന്നു. അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമായിരിക്കും ഡാക്കയുടെ ഭാവി തീരുമാനിക്കപ്പെടുക. ജൂലൈ 28 ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഉത്തരവ് ഒരുമാസം മുമ്പു മേരിലാന്റ് ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവിനു വിരുദ്ധമാണ്. 2017 ന് മുമ്പുള്ള ഡാക്കയുടെ ഒറിജിനല്‍ ഫോം നിലനിര്‍ത്തണമെന്നായിരുന്നു ആ വിധി. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഉത്തരവ് വീണ്ടും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *