ഡാലസ് : അമേരിക്കയിലെ വന്‍കിട വ്യാപാര കേന്ദ്രമായ കോസ്റ്റ്‌കോ ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 17 ഡോളറായി ഉയര്‍ത്തി. കോസ്റ്റ്‌കോ സിഇഒ ക്രേഗ് ജലിനക്കാണ് പുതിയ വേതന വര്‍ധനവ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ ശമ്പള വര്‍ധനവ് നിലവില്‍ വന്നു. ഇതുവരെ കുറഞ്ഞ വേതനം 16 ഡോളറായിരുന്നു. 2018ല്‍ 14ലും 2019ല്‍ 15 ഉം 2021 ഫെബ്രുവരിയില്‍ 16 ഡോളറുമായിരുന്നു കോസ്റ്റ്‌കോ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നത്. മണിക്കൂര്‍ വേതനം വര്‍ധിപ്പിച്ചിട്ടും ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് സിഇഒ പറയുന്നത്.

വാഷിങ്ടന്‍ ആസ്ഥാനമായ ഈ വ്യവസായ ശൃംഖലയില്‍ 180,000 ജീവനക്കാരാണ് യുഎസില്‍ മാത്രമുള്ളത്. ഇതില്‍ 90 ശതമാനം ജീവനക്കാരും മണിക്കൂര്‍ വേതനത്തിലാണ് ജോലി ചെയ്തുവരുന്നത്. ആമസോണ്‍, ടാര്‍ഗറ്റ് എന്നീ സ്ഥാപനങ്ങള്‍ മണിക്കൂറിന് രണ്ടു ഡോളര്‍ വര്‍ധിപ്പിച്ചപ്പോള്‍ വാള്‍മാര്‍ട്ട് അഞ്ചു ഡോളറാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

സാധാരണ ഒരു ജീവനക്കാരന്‍ ആഴ്ചയില്‍ നാല്‍പ്പതു മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ അവന്റെ പ്രതിമാസ ശമ്പളം ശരാശരി 2400 ഡോളര്‍ ആയിരിക്കും (180000 രൂപ). കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞതോടെ, വ്യാപാര സ്ഥാപനങ്ങള്‍ സജീവമായി. എന്നാല്‍ ഇന്ന് ഇവര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം ജീവനക്കാരെ ലഭിക്കുന്നില്ല എന്നതാണ്. പല റസ്റ്ററന്റുകളും പൂര്‍ണ്ണമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണിപ്പോഴുള്ളതെന്നാണ് പരാതി.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *