ഡാലസ്: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽ ഡാലസിലെ സാക്സി സിറ്റിയിൽ ക്രോസ്സ്‌ വേ മാർത്തോമ്മ ഇടവകയുടെ പ്രതിഷ്ഠാ ശുശ്രുഷ ഭദ്രാസനാധിപൻ ബിഷപ്.ഡോ.ഐസക്ക് മാർ ഫിലക്‌സിനോസ് ഈസ്റ്റർ ദിനത്തിൽ നിർവഹിച്ചു. ചടങ്ങിൽ ഇടവക വികാരി റവ.സോനു വർഗീസ്, റവ.ഡോ.എബ്രഹാം മാത്യു , റവ.പി. തോമസ് മാത്യു , റവ.മാത്യൂ മാത്യുസ് , റവ.ബ്ലെസൻ കെ.മോൻ എന്നിവർ സഹ കാർമ്മികരായിരുന്നു.

ക്രോസ്സ് വേ ഇടവക അതിന്റെ അച്ചടക്ക പൂർണമായ പ്രവർത്തനം കൊണ്ടും, സഭാ ദൗത്യത്തിലൂന്നിയ ശുശ്രൂഷ കൊണ്ടും പുതുതലമുറക്കാരുടെ പള്ളികൾക്കു മാതൃകയാണെന്നും, ഒരു പളളിയുടെ പ്രതിഷ്ഠ എന്നത് കേവലം കെട്ടിടത്തിന്റെ കൂദാശ അല്ല മറിച്ചു വിശ്വാസ സമൂഹത്തിന്റെ പുനഃപ്രതിഷ്‌ഠ കൂടിയാണെന്നും ബിഷപ് ഡോ.മാർ ഫിലക്സിനോസ് ഓർമിപ്പിച്ചു.

അമേരിക്കയിൽ ജനിച്ചു വളർന്നവർക്കായി ഭദ്രാസനത്തിൽ ആരംഭിച്ച ഇടവകളിൽ ഒന്നാമത്തെ ദേവാലയം ആണ് ഡാലസിൽ 2015 സെപ്റ്റംബർ മാസം 21 ന് രൂപികൃതമായ ക്രോസ്‌ വേ മാർത്തോമ്മ കോൺഗ്രിഗേഷൻ. 2017 ജൂലൈ മുതൽ സഭയുടെ ഇടവക പദവിലേക്ക് ഈ ദേവാലയത്തെ കാലം ചെയ്ത ഭാഗ്യസ്മരണീയനായ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലുള്ള സഭാ സിനഡ് ഉയർത്തി.

ഡാലസിലെ സാക്സി സിറ്റിയിൽ രണ്ടര ഏക്കർ വരുന്ന സ്ഥലവും, ഒപ്പമുള്ള കെട്ടിടവും കൂടി ചേർന്ന് വാങ്ങിയാണ് ഇപ്പോൾ ഏകദേശം നാൽപ്പതിൽ പരം കുടുംബങ്ങൾ ഉള്ള ക്രോസ്സ്‌ വേ മാർത്തോമ്മ ഇടവകയിലെ അംഗങ്ങൾ പുതിയ സ്വന്തം ദേവാലയത്തിന് തുടക്കം കുറിച്ചത്.

ന്യുയോർക്ക് സ്വദേശിയായ റവ.സോനു വർഗീസ് ഇടവകയുടെ പ്രഥമ വികാരിയായും, ലിജോയ് ഫിലിപ്പോസ് വൈസ്.പ്രസിഡന്റായും, സാജൻ തോമസ് സെക്രട്ടറിയായും, നിവിൻ മാത്യു , സിറിൽ സഖറിയ എന്നിവർ ഇടവക ട്രസ്‌റ്റിന്മാരായും, ജോജി കോശി ഭദ്രാസന അസംബ്ലി അംഗമായും പ്രവർത്തിക്കുന്നു.

ഷാജി രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *