കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലും ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓറഞ്ച് കൗണ്ടി ഹെല്‍ത്ത് കെയര്‍ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മാരകമായ ഈ വൈറസിന്റെ മൂന്നാമത്തെ കേസാണ് കാലിഫോര്‍ണിയയിലുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.

കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലെ കേസ് കൊറോണ വൈറസ് പോസിറ്റീവാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി കൗണ്ടി ഹെല്‍ത്ത് കെയര്‍ ഏജന്‍സിയുടെ (എച്ച്സിഎ) കമ്മ്യൂണിക്കബിള്‍ ഡിസീസ് കണ്‍‌ട്രോള്‍ ഡിവിഷന് ഇന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍‌ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ (സിഡിസി) നിന്ന് സ്ഥിരീകരണം ലഭിച്ചതായി ഏജന്‍സിയുടെ ട്വീറ്റില്‍ വ്യക്തമാക്കി.

സ്വകാര്യതയെ മാനിച്ച് വൈറസ് ബാധയുള്ള രോഗി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഒരു യാത്രക്കാരനായാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

‘രോഗനിര്‍ണ്ണയം നടത്തുന്നതിന് മുമ്പ് രോഗി ഏജന്‍സിയില്‍ എത്തിയിരുന്നു. സിഡിസിയില്‍ നിന്ന് ലബോറട്ടറി സ്ഥിരീകരണത്തിനായി കാത്തിരിക്കുമ്പോള്‍ പൊതുജനങ്ങളിലേക്ക് പടരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കി’യെന്ന് ട്വിറ്റില്‍ പറയുന്നു.

രോഗം ബാധിച്ച വ്യക്തിയെ ഇപ്പോള്‍ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഐസൊലേഷനിലുള്ള ഈ വ്യക്തിയുമായി അടുത്ത ബന്ധമുള്ള വ്യക്തികളെ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ലോകമെമ്പാടും ഏകദേശം 2,000 പേര്‍, മിക്കവാറും ചൈനയിലെ എല്ലാവരും, ഈ വൈറസ് ബാധയുള്ളവരാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ 56 പേര്‍ ഈ രോഗം ബാധിച്ച് ഇതിനോടകം മരണപ്പെട്ടു എന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

ഏഷ്യയിലുടനീളവും, ഫ്രാന്‍സിലും ഓസ്ട്രേലിയയിലും ഒറ്റപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാനഡയില്‍ ആദ്യത്തെ കേസ് ശനിയാഴ്ച രാത്രി റിപ്പോര്‍ട്ട് ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ വാക്സിനുകള്‍ കണ്ടുപിടിക്കാത്ത എല്ലാ വൈറസുകളും പകരാതിരിക്കാന്‍ കൈ കഴുകുന്നതിലൂടെ, പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിനുമുമ്പ് തടയാമെന്നും, കഴുകാത്ത കെകളാല്‍ കണ്ണും മൂക്കും വായയും തൊടാതിരിക്കുകയോ അല്ലെങ്കില്‍ രോഗികളുമായുള്ള അടുത്ത ബന്ധം പുലര്‍ത്താതിരിക്കുകയോ ചെയ്യണമെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍‌ട്രോള്‍ (സിഡിസി) നിര്‍ദ്ദേശിക്കുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *