വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ കോവിഡ് 19 നിയന്ത്രണാതീതമായതിനെ തുടര്‍ന്നു ഇവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് മേയ് നാലു മുതല്‍ നിരോധനം ഏര്‍പ്പെടുത്തുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദേശപ്രകാരമാണ് യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നതെന്നു ഏപ്രില്‍ 30-നു വെള്ളിയാഴ്ച പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് 19 ജനിതകമാറ്റം സംഭവിച്ച് വളരെ ഗുരുതരാവസ്ഥയിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് പുതിയ ഉത്തരവിറക്കിയതെന്നു പ്രസ് സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു.

പാന്‍ഡമിക്കിന്‍റെ ആരംഭത്തില്‍ യൂറോപ്പില്‍ നിന്നോ മറ്റു രാജ്യങ്ങളില്‍നിന്നോ അമേരിക്കയിലേക്ക് വരുന്നവരെ തടഞ്ഞതുകൊണ്ട് വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കുകയില്ലെന്നു 2020 മാര്‍ച്ച് മാസത്തില്‍ പ്രസിഡന്റ് ബൈഡന്‍ ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും അതില്‍ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള പുതിയ ഉത്തരവാണ് ഇപ്പോള്‍ ബൈഡന്‍ ഭരണകൂടം പുറപ്പെടുവിച്ചിരിക്കുന്നത്.

ഉത്തരവവ് അനുസരിച്ച് കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യയിലുണ്ടായിരുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ലെന്നും ഭരണകൂടം അറിയിച്ചു. അമേരിക്കയിലേക്ക് പുറപ്പെടുന്ന എയര്‍ലൈനുകളെ ഈ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. മെയ് നാലാം തീയതി ചൊവ്വാഴ്ച നിലവില്‍വരുന്ന നിരോധനം എന്നുവരെ നീണ്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *