ചിക്കാഗോ: ഇല്ലിനോയി യൂണിവേഴ്‌സിറ്റി ഗാരേജില്‍ നവംബര്‍ 23-നു ശനിയാഴ്ച പുലര്‍ച്ചെ കാര്‍ എടുക്കുന്നതിനു എത്തിച്ചേര്‍ന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി റൂത്ത് ജോര്‍ജിനു (19) ദാരുണാന്ത്യം. യൂണിവേഴ്‌സിറ്റി ലൈബ്രറിക്കു സമീപമാണ് സംഭവം നടന്ന ഗാരേജ്.

വെള്ളിയാഴ്ച രാത്രി മുതല്‍ കാണാതായ റൂത്തിനെ ശനിയാഴ്ച രാവിലെ കാര്‍ ഗാരേജില്‍ പാര്‍ക്ക് ചെയ്തിരുന്ന ഫാമിലി വാഹനത്തിന്റെ പിന്‍സീറ്റില്‍ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. മരണകാരണം കൊറോണര്‍ ഓഫീസാണ് സ്ഥിരീകരിച്ചത്. റൂത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഡൊണാള്‍ഡ് ഡി. തുര്‍മാനെതിരേ ഫസ്റ്റ് ഡിഗ്രി മര്‍ഡറിനു കേസ് എടുത്ത് ജയിലിലടച്ചു.

ശനിയാഴ്ച പുലര്‍ച്ചെ 1.35-നു ഗാരേജിലേക്കു പോകുന്ന റൂത്തിനു പുറകെ ഇയാള്‍ നടന്നു പോകുന്നതായി കാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നു 2.10-നു ഡൊണാള്‍ഡ് അവിടെ നിന്നും പുറത്തു പോകുന്നതായും കാമറയില്‍ കണ്ടെത്തി.

ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി കവര്‍ച്ചാ കേസില്‍ പരോളില്‍ ഇറങ്ങിയതായിരുന്നു. രണ്ടര വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞു 2018- ഡിസംബറിലായിരുന്നു ഇയാള്‍ പുറത്തിറങ്ങിയത്. സി.റ്റി.എ ബ്ലൂലൈന്‍ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പോലീസ് പിടിച്ചത്. ഇയാള്‍ കുറ്റം സമ്മതിച്ചു.

പഠനത്തിനായി യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ രാത്രി സമയം ചെലവഴിച്ച് പുലര്‍ച്ചെ വീട്ടില്‍ പോകുന്ന നിരവധി കുട്ടികളുണ്ട്. ഈ സംഭവം കുട്ടികളെ വല്ലാതെ ഭയചകിതരാക്കിയിരിക്കുകയാണെന്നു യു.ഐ.സി ചാന്‍സലര്‍ അയച്ച ഇമെയിലില്‍ ചൂണ്ടിക്കാട്ടി.

റൂത്ത് ജോര്‍ജ് യൂണിവേഴ്‌സിറ്റിയിലെ അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയും, നേപ്പര്‍വില്ല സെന്‍ട്രല്‍ ഹൈസ്കൂള്‍ ഗ്രജ്വേറ്റുമാണ്. സ്‌പോര്‍ട്‌സില്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്ന ഇവര്‍ പഠനത്തിലും അതി സമര്‍ത്ഥയായിരുന്നു. ആന്ധ്രയില്‍ നിന്നുള്ളവരാണ് റൂത്തിന്റെ മാതാപിതാക്കള്‍.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *